By Shyma Mohan.06 02 2023
ന്യൂഡല്‍ഹി: തുര്‍ക്കിയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും വൈദ്യസഹായവുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാനാണ് തീരുമാനം.
പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും അവശ്യ ഉപകരണങ്ങളുമുള്‍പ്പെടെ 100 പേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അവശ്യ മരുന്നുകളുമായി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സംഘത്തിന്റെയും മെഡിക്കല്‍ ടീമുകളും തയ്യാറാണ്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാന്‍ തീരുമാനമായത്. റിപ്പബ്ലിക് ഓഫ് ടര്‍ക്കിയെ സര്‍ക്കാരും അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താംബൂളിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ അയയ്ക്കുമെന്നും പിഎംഒ അറിയിച്ചു.
തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും ദുരന്ത ബാധിത രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,400 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറുകണക്കിനാളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.
7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 912 പേര്‍ മരിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. സിറിയയില്‍ ഭൂകമ്പത്തില്‍ 560 പേര്‍ മരിച്ചു.