By Web desk.25 09 2023
അബുദാബി: 'യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്നതിനായി യുഎഇ യുവജന മന്ത്രിയെ തേടുന്നു. കഴിവുള്ള സത്യസന്ധരായ സ്വദേശികള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയില്‍ വഴി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാജ്യത്തിന്റെ യുവജന മന്ത്രിയാകും.'
ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുവജന മന്ത്രിയെ ആവശ്യമുണ്ടെന്ന് പറഞ്ഞ് സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതാണിത്. പോസ്റ്റിന് പിന്നാലെ 7 മണിക്കൂറിനകം 4700 അപേക്ഷകളാണ് ലഭിച്ചത്.
യുഎഇയെക്കുറിച്ച് അറിവുണ്ടാകുക, രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധീരനും ശക്തനുമാകുക, രാജ്യസേവനത്തില്‍ അഭിനിവേശം ഉള്ളവരാകുക എന്നതാണ് പ്രധാന നിബന്ധന.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഷമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്റൂയി 22-ാം വയസ്സില്‍, 2016ല്‍ യുഎഇ യുവജനകാര്യ സഹമന്ത്രിയാക്കിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സര്‍വകലാശാലകള്‍ നാമനിര്‍ദേശം ചെയ്തവരില്‍ നിന്നാണ് അന്ന് ഷമ്മയെ തിരഞ്ഞെടുത്തത്.