പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശനമില്ല

By Shyma Mohan.24 11 2022

imran-azhar

 

അബുദാബി: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ള ആളുകള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. യുഎഇയുടെ പുതുക്കിയ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് പുതിയ നടപടി.

 

എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും പോലുള്ള ഇന്ത്യന്‍ എയര്‍ലൈനുകള്‍ യാത്രക്കാരെ നവംബര്‍ 21 മുതല്‍ യുഎഇ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പ്രവേശന നിയമം മാറ്റിയത് അറിയിച്ചുകൊണ്ട് പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരൊറ്റ പേരുള്ള ഒരു പാസ്‌പോര്‍ട്ട് ഉടമയെയും യുഎഇയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ സൈറ്റില്‍ പോസ്റ്റ് ചെയ്ത സര്‍ക്കുലറില്‍ അറിയിച്ചു. കുടുംബ നാമത്തിലോ, നല്‍കിയിരിക്കുന്ന പേരിലോ ഒറ്റ പേരുള്ള ഏതൊരു പാസ്‌പോര്‍ട്ട് ഉടമയെയും യുഎഇ ഇമിഗ്രേഷന്‍ അംഗീകരിക്കില്ല. യാത്രക്കാരനെ ഇന്‍അഡ്മിസിബിള്‍ ആയി കണക്കാക്കുമെന്നാണ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്.

 

വിസിറ്റിംഗ് വിസ, വിസ ഓണ്‍ അറൈവല്‍, എംപ്ലോയ്‌മെന്റ്, താല്‍ക്കാലിക വിസ എന്നിവയുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകമാകുക. നിലവിലുള്ള യുഎഇ റസിഡന്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇത് ബാധകമല്ല.

 

ടൂറിസ്റ്റ്, വിസിറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള വിസയില്‍ യാത്ര ചെയ്യുന്ന പാസ്‌പോര്‍ട്ടില്‍ ഒരൊറ്റ പേരുള്ള യാത്രക്കാരെ യുഎഇയിലേക്കോ, പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോ പ്രസ്താവന ഇറക്കിയിട്ടുണ്ട്. എന്നിരുന്നാലും പാസ്‌പോര്‍ട്ടില്‍ ഒരൊറ്റ പേരുള്ളതും റസിഡന്‍സ് പെര്‍മിറ്റോ, എംപ്ലോയ്‌മെന്റ് വിസയോ ഉള്ള യാത്രക്കാരെ ഫസ്റ്റ് നെയിം, സര്‍നെയിം കോളങ്ങളില്‍ അതേ പേര് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.

OTHER SECTIONS