ഏതാനും ആഴ്ച അടച്ചിട്ടാൽ ഇന്ത്യയിലെ കോവിഡ് തടയാനാവും യു.എസ് ആരോഗ്യമുഖ്യ ഉപദേഷ്ടാവ്‌

By anil payyampalli.01 05 2021

imran-azhar



വാഷിങ്ടൺ: ഏതാനും ആഴ്ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായ ഡോ.അന്തോണി ഫൗചി.

 

 

'ഒരു രാജ്യവും സ്വയം പൂട്ടിയിടാൻ ഇഷ്ടപ്പെടില്ല. എന്നാൽ, ദുരിതരോഗ സമയത്ത് വളരെ ബുദ്ധിമുട്ടുള്ളതും നിരാശജനകവുമായ നിർണായകമായ ചില ഇടത്തരം-ദീർഘ നടപടികൾ കൈക്കൊള്ളുന്നത് ഒരു പുതിയ ജാലകം തുറക്കും' ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഫൗചി പറഞ്ഞു.

 

 

ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തിൽ വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്നമായിത്തീരും. താൻ ഒരു രാഷ്ട്രീയ വ്യക്തി അല്ല. പൊതുജനാരോഗ്യ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

'ഞാൻ സിഎൻഎന്നിൽ ഒരു ക്ലിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്പോൾ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരുകൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച് നേരിടാൻ തയ്യാറാകുമോ എന്നറിയില്ല. തെരുവിൽ അമ്മമാരും പിതാക്കൻമാരും സഹോദരങ്ങളും ഓക്സിജന് വേണ്ടി അലയുന്നത് നാം കണ്ടു. കേന്ദ്രതലത്തിൽ ഒരു ആസൂത്രണവും സംഘാടനവും ഇല്ലെന്ന് അവർ കരുതിപ്പോവും' ഫൗചി പറഞ്ഞു.

 

 

ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ആദ്യം ചെയ്യുക എന്നതാണ് ഇപ്പോൾ വേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ ചെയ്യാൻ കഴിയുന്ന കാര്യം എന്താണെന്ന് പിന്നീട് നോക്കണം. ഇത് നീണ്ടുനിൽക്കുന്നത് തടയാൻ ചെയ്യാനാകുന്ന കാര്യങ്ങൾ അത് വ്യത്യസ്ത ഘട്ടങ്ങളിലായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

ആളുകളെ പരിപാലിക്കുന്നതിന് മുൻഗണന നൽകണം. ഓക്സിജൻ എങ്ങനെ ലഭ്യമാക്കാമെന്ന് ഒരു പദ്ധതി തയ്യാറാക്കാൻ നിങ്ങൾ എന്തെങ്കിലും കമ്മീഷനോ ഗ്രൂപ്പോ രൂപീകരിക്കേണ്ടതുണ്ട്. എങ്ങനെ ഓക്സിജൻ ലഭിക്കും, എങ്ങനെ മരുന്നുകൾ ലഭിക്കുമെന്ന് അന്വേഷിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ മറ്റു രാജ്യങ്ങളെ സമീപിക്കാമെന്നും ഫൗചി പറഞ്ഞു.

 

 

യുഎസ് മെഡിക്കൽ സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യക്കുള്ള അടിയന്തര പ്രശ്നം പരിഹരിക്കാൻ മറ്റു രാജ്യങ്ങളും ശ്രമിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

OTHER SECTIONS