സംശയം തോന്നിയ പൈലറ്റ് പുറത്തേക്ക് ചാടി; പിന്നാലെ അമേരിക്കയുടെ യുദ്ധ വിമാനം തകര്‍ന്നു

By priya.19 09 2023

imran-azhar

 

വാഷിങ്ടണ്‍: ഒരു ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പറക്കലിനിടെ തകര്‍ന്നുവീണ അമേരിക്കയുടെ യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

 

വില്ല്യംസ്ബര്‍ഗ് കൗണ്ടി ഗ്രാമത്തില്‍ നിന്ന് ആണ് സൈനിക ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.എഫ്-35 സൈനിക വിമാനം പറപ്പിക്കുന്നതിനിടെ അപകട സാധ്യത മനസ്സിലാക്കിയ പൈലറ്റ് പുറത്തേക്ക് എടുത്തുചാടിയിരുന്നു.

 

പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും വിമാനം കാണാതായിരുന്നു.100 മില്യണ്‍ ഡോളര്‍ (ഏകദേശം 830 കോടി രൂപ) ആണ് കാണാതായ വിമാനത്തിന്റെ വില.

 

കോക്ക്പിറ്റില്‍ നിന്ന് പുറത്തേക്ക് ചാടിയ പൈലറ്റ് വടക്കന്‍ ചാള്‍സ്റ്റണ്‍ പരിസരത്ത് സുരക്ഷിതമായി ഇറങ്ങി.  വിമാനം തകര്‍ന്നുവീണ സ്ഥലത്ത് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

 

അതേസമയം, വിമാനത്തിന്റെ തകര്‍ച്ചയെക്കുറിച്ചോ തകര്‍ന്നുവീഴുന്ന ശബ്ദത്തെക്കുറിച്ചോ കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വക്താവ് പറഞ്ഞു.
കണ്ടെത്തിയ അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായി സൈനിക വക്താവ് പറഞ്ഞു.

 

ഓട്ടോപൈലറ്റ് മോഡില്‍ ആക്കിയതിന് ശേഷമാണ് പൈലറ്റ് യുദ്ധവിമാനം ഉപേക്ഷിച്ച് പുറത്തേക്ക് ചാടിയതെന്ന് ജോയിന്റ് ബേസ് ചാള്‍സ്റ്റണിലെ വക്താവ് പറഞ്ഞു. അതുകൊണ്ടാണ് വിമാനം എവിടെ തകര്‍ന്നുവീണു എന്ന് കണ്ടെത്താന്‍ വൈകിയതെന്നും വക്താവ് വ്യക്തമാക്കി.

 

പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായുള്ള മറൈന്‍ ഫൈറ്റര്‍ അറ്റാക്ക് ട്രെയിനിംഗ് സ്‌ക്വാഡ്രണ്‍ 501-ല്‍ പെട്ടതാണ് FB-35B Lightning II വിമാനമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

രക്ഷപ്പെട്ട പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

 

OTHER SECTIONS