സെലന്‍സ്‌കി ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

By Shyma Mohan.07 12 2022

imran-azhar

 


ന്യൂഡല്‍ഹി: യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. റഷ്യയുടെ അധിനിവേശത്തെ ചെറുത്ത് 44കാരനായ സെലന്‍സ്‌കി ജനാധിപത്യത്തിന്റെ പ്രതീകമായി മാറി രാജ്യത്തെ നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

 

ധൈര്യം ഭയം പോലെ പകരുമെന്ന് തെളിയിച്ചതിന്, സ്വാതന്ത്ര്യത്തിന് സംരക്ഷണത്തിനായി ആളുകളെ ഒന്നിച്ചുചേരാന്‍ പ്രേരിപ്പിച്ചതിന്, ജനാധിപത്യത്തിന്റെ ദുര്‍ബലതയെയും സമാധാനത്തെയും കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നതിന് യുക്രെയ്‌ന്റെ ആത്മാവായ സെലന്‍സ്‌കിയെ 2022ലെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തതായി ടൈം എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വേര്‍ഡ് ഫെല്‍സെന്തല്‍ അറിയിച്ചു.

 

റഷ്യയുമായുള്ള യുദ്ധത്തിന്റെ തുടക്കം മുതല്‍, സെലെന്‍സ്‌കി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തന്റെ രാജ്യത്തെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവൃത്തിയും യുക്രേനിയന്‍ ജനതയെ അവരുടെ രാജ്യത്തിനായി പോരാടാന്‍ പ്രേരിപ്പിച്ചു.

 

യുദ്ധത്തിനിടയില്‍, തന്റെ രാജ്യത്തെ മാത്രമല്ല, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും പ്രചോദിപ്പിക്കുന്ന ഒരു ധീരഹൃദയനായി സെലന്‍സ്‌കി ഉയര്‍ന്നു. റഷ്യ രാജ്യം ആക്രമിച്ചയുടന്‍ സൈനികനിയമം പ്രഖ്യാപിച്ചുകൊണ്ട് സെലന്‍സ്‌കി പ്രതികരിച്ചു. തങ്ങളുടെ രാജ്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ യുക്രേനിയക്കാരനും അദ്ദേഹം ആയുധങ്ങള്‍ കൈമാറി.

 

സെലന്‍സ്‌കിയോട് രാജ്യം വിടാന്‍ യുഎസ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചപ്പോഴും സെലന്‍സ്‌കി അത് നിരസിക്കുകയും പോരാട്ടം ഇവിടെയുണ്ടെന്ന് പറയുകയും ചെയ്തു. തന്റെ രാജ്യത്തിന് തന്നെ വേണം. എനിക്ക് ആയുധമാണ് വേണ്ടത്, റൈഡല്ല എന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയപ്പോള്‍ തന്റെ രാജ്യം വിട്ടുപോയ മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയില്‍ നിന്ന് വ്യത്യസ്തമായി സെലന്‍സ്‌കിയുടെ പ്രവര്‍ത്തനവും ധൈര്യവും പ്രശംസിക്കപ്പെട്ടു

 

OTHER SECTIONS