By Web Desk.23 03 2023
കൊച്ചി: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഏപ്രില്‍ ഒന്നിന് വൈക്കത്ത് ഉദ്ഘാടനം ചെയ്യും.
603 ദിവസം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് 2023 ഏപ്രില്‍ ഒന്നിന് വൈക്കത്ത് തിരി തെളിയും. 603 ദിവസം നീണ്ടുനിന്ന സത്യഗ്രഹത്തിന്റെ സ്മരണാര്‍ത്ഥമാണ് സംസ്ഥാനസര്‍ക്കാര്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ 2025 നവംബര്‍ 23 വരെ നീളുന്ന 603 ദിവസത്തെ വ്യത്യസ്ത ആഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.
സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കു ക്ഷണിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ചു നല്‍കിയ കത്ത് സാംസ്‌കാരിക മന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രിക്കു കൈമാറി.
ക്ഷണം സ്വീകരിക്കുന്നതായും കേരളത്തില്‍ ഒരു ദിവസം ചിലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയില്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു. വൈക്കത്ത് തമിഴ്‌നാടിന്റെ ഉടമസ്ഥതയിലുളള വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരക വിപുലീകരണം, കേരള തമിഴ്‌നാട് സാംസ്‌കാരികവിനിമയ പദ്ധതി തുടങ്ങിയവ സംബന്ധിച്ച നിവേദനങ്ങള്‍ സജി ചെറിയാന്‍ എം കെ സ്റ്റാലിന് നല്‍കി. രണ്ടു കാര്യങ്ങളിലും അനുഭാവപൂര്‍ണ്ണമായ സമീപനം അദ്ദേഹം ഉറപ്പു നല്‍കി.
മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ ടി.ആര്‍ ബാലു എം.പിയും ചര്‍ച്ചകളില്‍ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കന്‍, ചെന്നൈയിലെ നോര്‍ക്കയുടെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു പി ചാക്കോ എന്നിവരും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു.