വ്‌ലാദിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് പിറകേ റഷ്യയ്‌ക്കെതിരെ കൂടുതല്‍ നിയന്ത്രണവുമായി അമേരിക്ക

By parvathyanoop.02 10 2022

imran-azhar

 


ന്യൂയോര്‍ക്ക് :  യുക്രൈനിലെ വിമത പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ത്തെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് ശേഷം ഉപരോധവുമായി അമേരിക്ക. വ്‌ലാദിമിര്‍ പുടിന്റെ പ്രഖ്യാപനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞുകൊണ്ടാണ് റഷ്യയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.

 

വെള്ളിയാഴ്ചയാണ് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം പ്രഖ്യാപിച്ചത്. 300ഓളം ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഉപരോധം. റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിലെ പൗരന്മാര്‍ ഉപരോധം പ്രഖ്യാപിച്ചവരുമായി വ്യാപാരം നടത്തുന്നത് നിയമ വിരുദ്ധമാക്കുന്നതാണ് നടപടി.

 

ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളവരുടെ ആസ്തികള്‍ മരവിപ്പിച്ചിട്ടുമുണ്ട്. റഷ്യയുടെ സൈനിക വ്യവസായ മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് ഉപരോധം കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക വിശദമാക്കുന്നത്.റഷ്യയുടെ യുക്രൈന്‍ അധിനിവേശവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 900ത്തോളം ആളുകളെ വിസ നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

യുക്രൈന്റെ പ്രദേശങ്ങളെ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ക്രൂരമായ ശ്രമങ്ങളെ അപലപിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ലോകത്തില്‍ തന്നെ ഏറ്റവുമധികം ഉപരോധം നേരിടുന്ന രാജ്യമായി റഷ്യ മാറിയിട്ടുണ്ട്. നേരത്തെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.

 

 

OTHER SECTIONS