By Shyma Mohan.30 01 2023
പട്‌ന: ബിജെപിയുമായി വീണ്ടും കൈകോര്‍ക്കുന്നതിനെക്കാള്‍ ഭേദം മരണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
താന്‍ ജീവിച്ചിരിക്കുന്നതുവരെ ബിജെപിയുമായി കൂട്ടുകൂടില്ല. മരണം വരെ ബിജെപിക്കൊപ്പം പോകില്ല. മരണം സ്വീകരിക്കേണ്ടി വന്നാലും ബിജെപിയിലേക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ല. എന്നാല്‍ ബിജെപി തന്നെ ബലമായി മുഖ്യമന്ത്രിയാക്കിയതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കട്ടെ. ആര്‍ക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
നിലവിലെ ബിജെപി നേതൃത്വത്തിന് അഹങ്കാരമാണെന്നും നിതീഷ് കുമാര്‍ ആരോപിച്ചു. വാജ്‌പേയിയുടെയും അദ്വാനിയുടെയും കാലഘട്ടത്തെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വാജ്‌പേയിയെയും അദ്വാനിയെയും ഞങ്ങള്‍ ബഹുമാനിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപ്രീതിയില്ലാത്ത മുഖ്യമന്ത്രി നിതീഷ് കുമാറുമായി പുനഃസംഘടനയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ് സ്വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാറിന് ജനപ്രീതിയില്ല. അദ്ദേഹത്തിന്റെ ജനപ്രീതിയില്ലായ്മ കാരണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് നിരവധി സീറ്റുകള്‍ നഷ്ടമായതെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ ആരോപണം.