By Shyma Mohan.08 12 2022
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് ഇനി ബിആര്‍എസ്. തെലുങ്കാന രാഷ്ട്ര സമിതി ഇനി ഭാരത് രാഷ്ട്ര സമിതി എന്നാകും അറിയപ്പെടുക. പുതിയ പേരിന് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക അംഗീകാരം നല്കി. ഒക്ടോബര്‍ 5 നാണ് പാര്‍ട്ടിയുടെ പേര് മാറ്റിയെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ചന്ദ്രശേഖര്‍ റാവുവിന് കത്തയച്ചത്.
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് ഒക്ടോബര്‍ 5ന് അതിന്റെ പേര് ബിആര്‍എസ് എന്നാക്കി മാറ്റുകയും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാര്‍ട്ടിയുടെ ചുവടുവെപ്പിന് സൂചന നല്‍കുകയും ചെയ്തു.
പാര്‍ട്ടി ജനറല്‍ബോഡി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. ടിആര്‍എസ് എന്ന പേര് ബിആര്‍എസ് എന്നാക്കി മാറ്റാന്‍ പാര്‍ട്ടി ജനറല്‍ ബോഡി യോഗം ഐകകണ്ഠേന തീരുമാനിച്ചതായി റാവു പ്രമേയം വായിച്ചു. നവംബര്‍ 7ന് ടിആര്‍എസ് അതിന്റെ പേര് ബിആര്‍എസ് എന്നാക്കി മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിക്കുകയും നിര്‍ദ്ദിഷ്ട പുതിയ പേരിനെക്കുറിച്ച് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയയ്ക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഡിസംബര്‍ 9 വെള്ളിയാഴ്ച ഹൈദരാബാദിലെ തെലങ്കാന ഭവനില്‍ കെസിആര്‍ തന്റെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. അവിടെ പാര്‍ട്ടിയുടെ പേര് മാറ്റുന്നതിനുള്ള കത്തില്‍ ചന്ദ്രശേഖര്‍ റാവു ഒപ്പിടും.