By Web Desk.24 09 2023
തിരുവനന്തപുരം: പ്രിയപ്പെട്ട മധു സാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്‌ക്രീനില്‍ എത്തിയത് ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി, അമിതാഭ് ബച്ചന്‍! ആദ്യ ചിത്രമായ സാത് ഹിന്ദുസ്ഥാനിയില്‍ ഒരുമിച്ച് അഭിനയിച്ചതിന്റെ അനുഭവങ്ങളാണ് ബച്ചന്‍ പങ്കുവച്ചത്. മധു സാറിന്റെ ലാളിത്യമാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമയുടെ കാരണവര്‍ മധുവിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ആശംസകളുമായി ബച്ചന്‍ 'സ്‌ക്രീനില്‍' വന്നത്.
തൊണ്ണൂറിന്റെ നിറവിലെത്തിയ മധുവിനെ ആദരിക്കാന്‍ തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയാണ് 'മധുമൊഴി ഇതിഹാസം' എന്ന പരിപാടി നിശാഗന്ധിയില്‍ ഒരുക്കിയത്. വീട്ടില്‍ നിന്ന് ലൈവ് സ്ട്രീമിംഗിലൂടെയാണ് മധു പങ്കെടുത്തത്.
പരിപാടിയുടെ ഭാഗമായി മധുവുമായി സംവദിക്കാന്‍ മലയാള സിനിമയിലെ താരങ്ങളും സംവിധായകരും എത്തി. മോഹന്‍ലാലിന്റേതായിരുന്നു ആദ്യ ചോദ്യം. 'മധു സാറിന് ഫിലോസഫിക്കലായ മനസ്സ് എങ്ങനെ ലഭിച്ചു', എന്ന ചോദ്യത്തിന് അങ്ങനെയുണ്ടോ എന്നറിയില്ല, സ്വാഭാവികമായി സംഭവിച്ചതാകാം എന്ന മറുപടിയാണ് നല്‍കിയത്.
സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, നടന്മാരായ ജനാര്‍ദ്ദനന്‍, രാഘവന്‍, ദിലീപ്, മണിയന്‍ പിള്ള രാജു, നടിമാരായ ശ്രീലത, മേനക എന്നിവരും മധുവിനോട് ചോദ്യങ്ങള്‍ ചോദിച്ചു.
തുടര്‍ന്ന് ഗായകരായ എം ജി ശ്രീകുമാര്‍, ചിത്ര, സുജാത എന്നിവരടക്കം നാല്‍പ്പതോളം സംഗീത പ്രതിഭകള്‍ പങ്കെടുത്ത സംഗീത നിശ അരങ്ങേറി. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് സംഗീത നിശ സംവിധാനം ചെയ്തത്.
കഴിഞ്ഞ ദിവസം നവതി ആഘോഷത്തിന്റെ കര്‍ട്ടണ്‍ റൈസറായി മധുമൊഴിയെന്ന പരിപാടി ടാഗോര്‍ തിയേറ്ററില്‍ നടന്നിരുന്നു. ചടങ്ങില്‍ ദേശീയ അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിനെ ആദരിച്ചു. മധുവിന്റെ ചലച്ചിത്ര ജീവിതത്തെ ആസ്പദമാക്കിയുള്ള 'അഭ്രപാളിയിലെ മധുരം' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.