ഉണ്ണിയെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കും; പ്രിയങ്കയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ താമസം

By Aswany mohan k.15 05 2021

imran-azhar 


തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്ക ജീവനൊടുക്കിയ കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്. കോവിഡ് പരിശോധന ഫലം ലഭിക്കാത്തതിനാൽ പ്രിയങ്കയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കായിട്ടില്ലെന്നും ഉണ്ണി പി.രാജൻദേവിനെക്കുറിച്ചുള്ള വിവരങ്ങൾ അങ്കമാലി പോലീസിന് കൈമാറിയിട്ടുണ്ടെന്നും വട്ടപ്പാറ പോലീസ് പറഞ്ഞു.

 

ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകനാണ് ഉണ്ണി പി.രാജൻദേവ്. രക്ഷാധികാരി ബൈജു,കാറ്റ്, ആട് 2 തുടങ്ങിയ സിനിമകളിലും സീരിയലുകളിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്.

 

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനിൽ ജെ.പ്രിയങ്കയെ(25) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

 

ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭർത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്.

 

തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

 

എന്നാൽ, കഴിഞ്ഞ ദിവസം പ്രിയങ്കയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടെ, പ്രിയങ്കയെ ഉണ്ണി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രിയങ്കയുടെ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.

 

2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. വിവാഹശേഷം കാക്കനാട്ട് ഫ്ളാറ്റ് വാങ്ങുന്നതിനായി ഉണ്ണി പ്രിയങ്കയോട് പണം ആവശ്യപ്പെട്ടിരുന്നു.

 

തുടർന്ന് പണം നൽകിയെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് പ്രിയങ്കയെ മർദിക്കുന്നത് പതിവായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.അങ്കമാലി പോലീസിന്റെ സഹായത്തോടെ ഇയാളെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

 

 

OTHER SECTIONS