നടിയും മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു

By Priya.21 02 2023

imran-azhar

 

കൊച്ചി: നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു.34 വയസ്സായിരുന്നു.

 

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

 


മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും എത്തിയ സുബി സുരേഷ്, കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്.സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

 

വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങി.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

 

സ്‌കൂള്‍ കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നാലെ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്.

 

നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.

 

പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനില്‍ സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്‍ക്ക് ജനപ്രീതി ഏറെയായിരുന്നു.

 

 

ചലച്ചിത്ര - ടെലിവിഷന്‍ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

 

കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

 

 

 

 

OTHER SECTIONS