By parvathyanoop.19 03 2023
കൊച്ചി: മോദി പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധിയോടും കാണിക്കുന്ന അതേ സ്വഭാവം തന്നെയാണ് കേരള നിയമസഭയില്‍ പിണറായി വിജയന്‍ പ്രതിപക്ഷത്തോട് ചെയ്യുന്നതെന്ന് ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്തുന്നു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്ന് പറയുന്ന മോദിയും നിയമസഭയില്‍ ചര്‍ച്ച വേണ്ടെന്ന് നിര്‍ബന്ധം പിടിക്കുന്ന പിണറായിയും ഒരേ തൂവല്‍ പക്ഷികളാണ്. ഇരുവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.
അതിനാല്‍ മോദിയുടെ കാര്‍ബണ്‍ കോപ്പിയായ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താന്‍ കഴിയാത്ത സീതാറാം യെച്ചൂരിക്ക് മോദിക്കെതിരെ പ്രസംഗിക്കാന്‍ എന്ത് ധാര്‍മികതയാണുള്ളത് എന്നും ഇദ്ധേഹം ചോദിച്ചു.
ടി പി ചന്ദ്രശേഖരനോടുള്ള പക തീര്‍ന്നില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ഭാര്യയും ജന പ്രതിനിധിയുമായ കെ. കെ. രമയോട് മുഖ്യമന്ത്രിയും അനുയായികളും കാട്ടുന്ന ക്രൂരത.
നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് എംഎല്‍എമാരെ കയ്യേറ്റം ചെയ്യുന്നു. മര്‍ദ്ദനമേറ്റ എംഎല്‍എമാരുടെ പരാതി കേള്‍ക്കാനോ നടപടിയെടുക്കാനോ ഭരണകൂടം ഒരുങ്ങുന്നില്ല.
പകരം മര്‍ദ്ദനമേറ്റ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്ന പിണറായി പൊലീസ് ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.