ഐഷ സുൽത്താനയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം; 20-ന് കവരത്തിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണം

By sisira.17 06 2021

imran-azhar

 

 

 

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിവച്ച് ഹൈക്കോടതി.

 

അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണം എന്നും കോടതി നിർദ്ദേശിച്ചു. 50,000 രൂപയുടെ ബോണ്ടിൽ കീഴ്ക്കോടതി ജാമ്യം നൽകണമെന്നാണ് നിർദേശം.

 

അതേസമയം മുൻകൂർ ജാമ്യം തേടി കൊണ്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ വേണ്ടി മാറ്റിവെച്ചു. അഡ്വ.പി വിജയഭാനുവാണ് ഐഷ സുൽത്താനയ്ക്ക് വേണ്ടി ഹാജരായത്.

 

ബയോവെപ്പൺ എന്ന പരാമർശം നടത്തിയത് അബദ്ധത്തിലാണ്. ഈ വാക്ക് ഇത്ര വലിയ പ്രശ്നം ആണ് എന്നറിയില്ലായിരുന്നു എന്ന് ഐഷ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാർ ആണ്.

 

എന്നാൽ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യം ഇല്ല. ആരെയും സ്വാധീനിക്കാൻ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസിൽ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കിൽ എടുക്കണം.

 

പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയിൽ പറഞ്ഞു. അതേസമയം ഈ മാസം 20 ഞായറാഴ്ച കവരത്തി പോലീസ് സ്റ്റേഷനിൽ ഐഷ സുൽത്താന ഹാജരാകണം.

 

അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഒരാഴ്ചയാണ്.

 

അതേസമയം മുൻ‌കൂർ ജാമ്യത്തെ കേന്ദ്ര സർക്കാർ എതിർത്തു. ചാനലിൽ ഐഷ നടത്തിയത് വിമർശനം അല്ല. ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചു എന്ന് ആവർത്തിച്ചു പറഞ്ഞു.

 

ലക്ഷദ്വീപിൽ സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് പോലും വിഘടന ചിന്തകൾ ഉണ്ടാവുന്ന പരാമർശം ആണ് ഐഷ നടത്തിയത്. ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിചിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ കൊച്ചിയിൽ നിന്ന് അത് ചെയ്യാമായിരുന്നു.

 

അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് വേണോ എന്നത് അപ്പോൾ തീരുമാനിക്കും. പൊലീസിന് മറ്റു ലക്ഷ്യം ഒന്നും ഇല്ലാത്തത് കൊണ്ടാണ് 10 ദിവസത്തെ സമയം നൽകി നോട്ടീസ് നൽകിയത്.

 

ജാമ്യ ഹർജിയിൽ പോലും ഐഷ തെറ്റായ വ്യക്തിഗത വിവരം നൽകി. ഇത് ഗൗരവത്തോടെ കാണണം എന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം നിലനിൽക്കും എന്ന് ദ്വീപ് ഭരണകൂടം വാദിച്ചു.

OTHER SECTIONS