ഡിജിപി നിയമനം രണ്ടാഴ്ചയ്ക്കകം; തച്ചങ്കരിക്കെതിരെ കേന്ദ്രത്തിന് ഊമക്കത്ത്; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി

By Arunkumar B V .16 06 2021

imran-azhar

 

 

* ഒരുമാസം മുമ്പ് കത്തയച്ച ആള്‍ ആറുവര്‍ഷം മുമ്പ് മരിച്ചു  * ഐ.പി.എസ് ഓഫീസര്‍മാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം  * കത്തിന്റെ ഉറവിടം തേടി രഹസ്യാന്വേഷണം  * സ്വജനപക്ഷക്കാരനും അഴിമതിക്കാരനുമെന്ന് കത്തില്‍

 

 

ബി.വി. അരുണ്‍ കുമാര്‍

 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മുഖ്യപരിഗണനയിലുള്ള ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ ഊമക്കത്തുമായി മറുചേരിയുടെ പുതിയ തന്ത്രം. പിന്നില്‍ ഐപിഎസ് ലോബിയിലെ ഒരു വിഭാഗമെന്ന് സംശയം. ഊമക്കത്തിലെ പരാതിക്കാരന്‍ മരിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞെന്ന് കണ്ടെത്തി. ഇതോടെ കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം രഹസ്യമായി ആരംഭിച്ചു.

 

നിലവിലെ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവില്‍ പുതിയ ഡിജിപിയെ നിയമിക്കേണ്ട സാഹചര്യം എത്തിയപ്പോഴാണ് യു.പി.എസ്.സിക്ക് ഊമക്കത്ത് പാഞ്ഞത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ ഡിജിപിയെ തീരുമാനിക്കുമെന്നാണ് വിവരം. തച്ചങ്കരി ഡിജിപിയാകുമെന്ന് ഏകദേശ സൂചന ലഭിച്ചതോടെയാണ് മറുചേരി പുതിയ പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നും യു.പി.എസ്.സിയാണ് മൂന്നുപേരുടെ ചുരുക്കപ്പട്ടികയ തയാറാക്കുന്നത്. അതില്‍ നിന്ന് ഒരാളെ സര്‍ക്കാരിന് സംസ്ഥാന പൊലീസ് ചീഫായി നിയമിക്കാം. ഈ സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ ഊമക്കത്ത് അയച്ചിരിക്കുന്നത്.

 

എറണാകുളം സ്വദേശിയായ കെ.ടി. തോമസിന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. കെ.ടി. തോമസ്, നികരത്തില്‍ ഹൗസ്, മത്സ്യപുരി.പി.ഒ, വതുരുത്തി, കൊച്ചി-29 എന്നാണ് പരാതിക്കാരന്റെ മേല്‍വിലാസമായി കാണിച്ചിരിക്കുന്നത്. യു.പി.എസ്.സി ചെയര്‍മാനു ലഭിച്ച കത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ ആറുവര്‍ഷം മുമ്പേ മരിച്ചയാളാണെന്നു മനസിലായത്. മാത്രമല്ല, ഇങ്ങനെയൊരാള്‍ ആ പ്രദേശത്ത് താമസമില്ലെന്ന് അവിടുത്തെ നിലവിലെ കൗണ്‍സിലറും മുന്‍ കൗണ്‍സിലറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരുമാസം മുമ്പ് ഇതേ വിലാസത്തില്‍ ഒരു കത്ത് മത്സ്യപുരി പോസ്‌റ്റോഫീസില്‍ എത്തിയിരുന്നു. എന്നാല്‍ ആളെ കണ്ടെത്താനാകാത്തതിനാല്‍ അത് തിരിച്ചയക്കുകയായിരുന്നുവെന്ന് പോസ്റ്റ് ഓഫീസ് അധികൃതരും അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് തച്ചങ്കരിക്കെതിരെ വ്യാജ പരാതിയാണ് അയച്ചതെന്ന് വ്യക്തമായത്.

 

നിരവധി തവണ വകുപ്പുതല നടപടി നേരിട്ടയാള്‍; മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:

 

തച്ചങ്കരി അഴിമതിക്കാരനും പദവി ദുരുപയോഗം ചെയ്ത് കാര്യങ്ങള്‍ കാണുന്ന ആളുമാണ്. അടുത്ത ഡിജിപിയാകുമെന്ന് സ്വയം പറഞ്ഞു നടക്കുന്നു. എതിരാളികളെ വ്യാജ കേസുകള്‍ കെട്ടിച്ചമച്ച് ഒതുക്കുന്ന ആളാണ്. നിരവധി തവണ സസ്‌പെന്‍ഷന് വിധേയനായ ആളാണ്. അനധികൃത വിദേശ സന്ദര്‍ശനം, അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നിവയ്ക്ക് കേസുകള്‍ നിലവിലുണ്ട്. അദ്ദേഹത്തിന്റെ ദുര്‍നടപടികള്‍ ചാനല്‍ ചര്‍ച്ചകളായിട്ടുണ്ട്. ജയശങ്കര്‍, ജോസഫ് മാത്യു, മാധ്യമ പ്രവര്‍ത്തകരായ ചേക്കുട്ടി, എം.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ ഇത്തരം സംഭവങ്ങള്‍ ചാനലുകളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. തരാതരം പോലെ ഭരണത്തിലെത്തുന്ന രാഷ്ട്രീയക്കാരുമായി സൗഹൃദം സഥാപിക്കുന്നതാണ് തച്ചങ്കരിയുടെ പ്രധാന രീതി. ഇപ്പോള്‍ സിപിഎമ്മുമായി നല്ല ബന്ധമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധമുണ്ട്. ഇത് അദ്ദേഹം ദുരുപയോഗപ്പെടുത്തുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തച്ചങ്കരിയെ അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. പിണറായിയുമായുള്ള ബന്ധം വച്ച് പല കേസുകളും ഒതുക്കിത്തീര്‍ക്കുന്നു.

 

ആലപ്പുഴ സ്വദേശിയാണ് തച്ചങ്കരി. അവിടെയുള്ള സിപിഎമ്മുകാരുമായും നല്ല ബന്ധമാണുള്ളത്. കൈരളി ചാനല്‍ കെട്ടിപ്പടുക്കാന്‍ സിപിഎം തച്ചങ്കരിയുടെ സഹായം തേടിയിരുന്നു. കോടിക്കണക്കിന് രൂപയുടെ ഉപകരങ്ങള്‍ വാങ്ങാന്‍ ഇയാളാണ് സഹായിച്ചത്. ഭാരിച്ച കമ്മിഷനും ഇതിന്റെ മറവില്‍ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. അതൊക്കെ ഉപയോഗപ്പെടുത്തി എറണാകുളത്ത് റയാന്‍ എന്ന സ്റ്റുഡിയോ ഭാര്യയുടെ പേരില്‍ തുടങ്ങിയിരുന്നു. അതൊക്കെ ബിനാമി ഇടപാടുകളായിരുന്നു. അവിടെ റെയ്ഡ് നടത്തി വ്യാജ സിഡികള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ അന്ന് ഡിജിപിയായിരുന്ന രമണ്‍ ശ്രീവാസ്തവയും ക്രൈംബ്രാഞ്ച് മേധാവി ഋഷിരാജ് സിംഗും ഇടപെട്ട് റെയ്ഡുകള്‍ നിര്‍ത്തിവയ്പ്പിച്ചു.

 

ആലപ്പുഴയിലാണ് അദ്ദേഹത്തിന് ആദ്യ പോസ്റ്റിംഗ് ലഭിച്ചത്. അത് കൊടുക്കാന്‍ പാടില്ലാത്തതാണ്. ജന്‍മസ്ഥലത്തുതന്നെ പോസ്റ്റിം നല്‍കിയത് സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ്. അവിടെ ഒരു കേസ് ഒതുക്കിത്തീര്‍ക്കാനാണ് സ്വാധീനത്തിന്റെ ബലത്തില്‍ പോസ്റ്റിംഗ് വാങ്ങിയതെന്നും കത്തില്‍ ആരോപണമുണ്ട്.

 

ചീഫ് സെക്രട്ടറിക്ക് യുപിഎസ്‌സി കത്ത് കൈമാറിയതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അവരാണ് കത്തയച്ചത് വ്യാജ പേരിലാണെന്നു മനസിലായത്. ഒരുമാസം മുമ്പാണ് കത്തയച്ചതെന്നാണ് വിവരം. ഈ കത്തിനു പിന്നില്‍ പൊലീസ് ബുദ്ധിയാണെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. തച്ചങ്കരി ഡിജിപി ആകാതിരിക്കാന്‍ നേരത്തെയും പൊലീസിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അതിന്റെ ഭാഗമായിട്ടാകാം ഈ ഊമക്കത്ത് അയച്ചിരിക്കുന്നതെന്നും ഒരുവിഭാഗം പറയുന്നു. ഐപിഎസ് ഓഫീസര്‍മാര്‍ക്കിടയിലെ ചേരിപ്പോരാകാമെന്നും ആരോപണമുണ്ട്.

 

ഊമക്കത്തുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കുമെന്നാണ് സൂചന.

 

 

 

 

OTHER SECTIONS