By priya.09 06 2023
നാഗര്‍കോവില്‍: 15 കിലോമീറ്ററോളം സഞ്ചരിച്ച് അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു. ഇന്നലെ രാത്രിയോടെയാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്.
അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്‌നലുകള്‍ ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി. സിഗ്‌നല്‍ ലഭിച്ചതോടെ കന്യാകുമാരി വനാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തുറന്നു വിട്ടത്. ആദ്യ ദിവസങ്ങളില്‍ ആന കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു നിലയുറപ്പിച്ചിരുന്നത്.
എന്നാല്‍ ഇന്നലെയോടെ 15 കിലോമീറ്റര്‍ ദൂരമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. ഇതോടെയാണ് അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് വിലയിരുത്തുന്നത്.
15 പേര്‍ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു. കന്യാകുമാരി വനമേഖലയില്‍ അരിക്കൊമ്പന്‍ എത്തുകയാണങ്കില്‍ ജനവാസമേഖലയില്‍ എത്താനുള്ള സാധ്യത ഏറെയാണ്.
ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികള്‍ ഉള്‍പ്പെടെ വിവിധ സംഘടനാ പ്രതിനിധികള്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിര്‍ത്തി പ്രദേശത്ത് ആന എത്തുകയാണെങ്കില്‍ ഉള്‍ക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഡി.എഫ്.ഒ. അറിയിച്ചു.
അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.