By Priya.22 03 2023
ഇടുക്കി: ചിന്നക്കനാലില്‍ ജനവാസമേഖലയില്‍ നാശം വിതക്കുന്ന
അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം മാര്‍ച്ച് 26 ലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 4 മണിക്ക് മയക്കു വെടി വെയ്ക്കാനാണ് പുതിയ തീരുമാനം.
കുങ്കിയാനകള്‍ എത്താന്‍ വൈകിയതും പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്നത് പരിഗണിച്ചുമാണ് ദൗത്യം മാറ്റാന്‍ കാരണം. ഇതിന് മുന്‍പ് 25ന് മോക് ഡ്രില്‍ നടത്തും.
ചിന്നക്കനാലില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. 301 കോളനിയില്‍ വെച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാല്‍ ഇവിടെ നിന്നും ആളുകളെ മാറ്റുന്നതും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.
അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡോര്‍മറ്ററിയില്‍ യോഗം നടന്നിരുന്നു.
യോഗത്തില്‍ അരികൊമ്പനെ പിടികൂടുമ്പോള്‍ മേഖലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സില്‍വേറ്റര്‍ അരുണ്‍ ആര്‍ എസ് ഡി എഫഒ രമേഷ് ബിഷ്‌ണോയ്, ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കോളനിയില്‍ ഡമ്മി റേഷന്‍കട സജ്ജമാക്കി ഒറ്റയാനെ കെണിവെച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇവിടെ കഞ്ഞി വെച്ച് ആള്‍താമസമുണ്ടെന്ന സാഹചര്യം ഒരുക്കും.
ഇവിടേക്ക് അരിക്കൊമ്പന്‍ എത്തിയാല്‍ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം.മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും. ദൗത്യത്തിനായി 71 പേരടങ്ങുന്ന 11 ടീമുകളെയാണ് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള കൊമ്പന്‍ ഇതുവരെ 12ല്‍ അധികം ആളുകളെ കൊന്നിട്ടുണ്ട്.