By Priya.23 03 2023
കുമളി: കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സുരക്ഷയ്ക്കായി ആരാധനാലയങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് അറിയിച്ചു.അതേസമയം, അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ടു കുങ്കിയാനകള്‍ നാളെ വയനാട്ടില്‍ നിന്നും തിരിക്കും.
കുഞ്ചു, കോന്നി സുരേന്ദ്രന് എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. കുങ്കിയാനകള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം മാര്‍ച്ച് 26ലേക്ക് മാറ്റിയിരുന്നു.
ഞായറാഴ്ച രാവിലെ നാലിന് മയക്കു വെടി വെയ്ക്കാനാണ് പുതിയ തീരുമാനം. ഇതിന് മുന്നോടിയായി 25ന് മോക് ഡ്രില്‍ നടത്തും.ചിന്നക്കനാലില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
301 കോളനിയില്‍ വെച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാല്‍ ഇവിടെ നിന്നും ആളുകളെ മാറ്റുന്നതും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.കോളനിയില്‍ ഡമ്മി റേഷന്‍കട സജ്ജമാക്കി ഒറ്റയാനെ കെണിവെച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഇവിടെ കഞ്ഞി വെച്ച് ആള്‍താമസമുണ്ടെന്ന സാഹചര്യം ഒരുക്കും. ഇവിടേക്ക് അരിക്കൊമ്പന് എത്തിയാല്‍ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം.
മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും.ദൗത്യത്തിനായി 71 പേരടങ്ങുന്ന 11 ടീമുകളെയാണ് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്.