സൈന്യത്തിലേക്ക് മടങ്ങാന്‍ മടി, പിഎഫ്‌ഐയോട് വിരോധം; വളഞ്ഞ വഴി തേടി കുടുക്കിലായി!

By Web Desk.26 09 2023

imran-azhar

 

 


കൊല്ലം: കടയ്ക്കലില്‍ സൈനികനെ മര്‍ദ്ദിച്ചെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ പിഎഫ്‌ഐ എന്ന് എഴുതിയെന്നും ആരോപിച്ച് നല്‍കിയ കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ്. സംഭവത്തില്‍ സൈനികനെയും സുഹൃത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കല്‍ ചാണപ്പാറ ബി എസ് നിവാസില്‍ ഷൈന്‍ (35), സുഹൃത്ത് മുക്കട ജോഷി ഭവനില്‍ ജോഷി (40) എന്നിവരാണ് അറസ്റ്റിലായത്.

 

സൈനിക സേവനത്തിനു മടങ്ങിചെല്ലാനുള്ള മടിയും പിഎഫ്‌ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നില്‍.

 

കഴിഞ്ഞ ദിവസമാണ് പരാതിയുമായി സൈനികന്‍ കടയ്ക്കല്‍ സ്റ്റേഷനില്‍ എത്തിയത്. ചാണപ്പാറ മുക്കടയിലാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കു പോകാനിരിക്കെയായിരുന്നു സംഭവമെന്നും ഷൈന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

 

കടം വാങ്ങിയ പണം സുഹൃത്തിനു നല്‍കാനായി രാത്രി ബൈക്കില്‍ പോകുമ്പോള്‍ റോഡില്‍ വിജനമായ സ്ഥലത്തു ചിലര്‍ നില്‍ക്കുന്നത് കണ്ടു. എന്താണെന്നു ചോദിച്ചു. ആരോ വീണു കിടക്കുകയാണെന്നും ഇറങ്ങി പരിചയമുണ്ടോയെന്നു നോക്കാനും അവര്‍ പറഞ്ഞു. സംഘത്തില്‍ നാലു പേര്‍ ഉണ്ടായിരുന്നു.

 

ബൈക്കില്‍ നിന്ന് ഇറങ്ങിയ ഷൈനിനെ ഒരാള്‍ ചവിട്ടി വീഴ്ത്തി. തുടര്‍ന്ന് മറ്റുള്ളവര്‍ ചേര്‍ന്ന് മര്‍ദിക്കുകയും ബ്ലേഡ് കൊണ്ടു ഷര്‍ട്ട് കീറി പുറത്ത് പിഎഫ്‌ഐ എന്ന് എഴുതുകയും ചെയ്‌തെന്നായിരുന്നു പരാതി.

 

കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാര്‍, കടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.വി.രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കേസെടുത്തത്.

 

 

OTHER SECTIONS