By Web Desk.30 03 2023
തിരുവനന്തപുരം: അരുവിക്കരയില്‍ ഡയറക്ടറേറ്റ് ഒഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ സീനിയര്‍ സൂപ്രണ്ട് വൈ അലി അക്ബര്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയത് സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുമ്പ് ആഹാരം പാകം ചെയ്യാന്‍ ഭാര്യ മുംതാസും ഭാര്യയുടെ അമ്മ ഷാഹിറയും അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് അലി അക്ബര്‍ ഇരുവരെയും ആക്രമിച്ചത്.
ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് ഇരുവരെയും കത്തിച്ചു. കത്തിക്കുന്നതിനു മുമ്പ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പുറത്താക്കി വാതിലടച്ചു.
നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടി എത്തുമ്പോള്‍ അലി അക്ബര്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. അകത്തെ മുറിയിലേക്കു പോയി പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തി.
ഷാഹിറ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുംതാസ് പിന്നീട് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അലി അക്ബര്‍ ചികിത്സയിലാണ്.
കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളാണെന്നാണ് സൂചന. 10 വര്‍ഷമായി അലി അക്ബറും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. അലി അക്ബര്‍ വീടിന്റെ മുകള്‍ നിലയിലും ഭാര്യയും മാതാവും താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്.