By Web Desk.18 03 2023
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) നാലാം കിരീടം സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍. ആവേശം പെനല്‍റ്റി ഷൂട്ടൗട്ടു വരെ കൂട്ടിനെത്തിയ കലാശപ്പോരാട്ടത്തില്‍, ബെംഗളൂരു എഫ്‌സിയെ 43ന് വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം ചൂടിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചു. തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. എടികെ മോഹന്‍ ബഗാനായി ദിമിത്രി പെട്രാഡോസ് ഇരട്ടഗോള്‍ നേടി. 14, 85 മിനിറ്റുകളിലായി പെനല്‍റ്റിയില്‍ നിന്നാണ് പെട്രാഡോസ് ഗോളുകള്‍ നേടിയത്.
ബെംഗളൂരുവിന്റെ ഗോളുകള്‍ സുനില്‍ ഛേത്രി (45+5, പെനല്‍റ്റി), റോയ് കൃഷ്ണ (78) എന്നിവര്‍ നേടി. ഷൂട്ടൗട്ടില്‍ എടികെ മോഹന്‍ ബഗാനായി ദിമിത്രി പെട്രാഡോസ്, ലിസ്റ്റന്‍ കൊളാസോ, കിയാന്‍ നസ്സീറി, മന്‍വീര്‍ സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു.
ബെംഗളൂരുവിനായി അലന്‍ കോസ്റ്റ, റോയ് കൃഷ്ണ, സുനില്‍ ഛേത്രി എന്നിവര്‍ ഗോള്‍ നേടിയെങ്കിലും, ബ്രൂണോ റാമിറസിന്റെ കിക്ക് എടികെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് തടുത്തിട്ടു.
ഐഎസ്എല്‍ ജേതാക്കളായ എടികെ മോഹന്‍ ബഗാന് പാരിതോഷികമായി 6 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്ക് 2.5 കോടി രൂപയും ലഭിക്കും.