'സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്, അവര്‍ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും നന്നായിരിക്കും': രാംദേവിന്റെ പരാമര്‍ശം വിവാദമാകുന്നു

By Priya.27 11 2022

imran-azhar

 

താനെ: യോഗഗുരു ബാബ രാംദേവ് സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു പരിപാടിയില്‍ 'സ്ത്രീകള്‍ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും' എന്ന പ്രസ്താവനയാണ് ബാബ രാംദേവ് നടത്തിയത്.


വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയില്‍ ഒരു യോഗ പരിശീലന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗ ഗുരുവിന്റെ വിവാദ പ്രസ്താവന. 'സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്, അവര്‍ സല്‍വാര്‍ സ്യൂട്ടുകളില്‍ കാണാന്‍ വളരെ നല്ലതാണ്, എന്റെ കാഴ്ചപ്പാടില്‍, അവര്‍ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും അവര്‍ നന്നായിരിക്കും എന്നാണ്.'

 

ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയെപ്പോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ദീര്‍ഘായുസ്സ് ജീവിക്കാന്‍ രാംദേവ് ചടങ്ങിന് എത്തിയ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

ചടങ്ങില്‍ പങ്കെടുത്തവരില്‍ കൂടുതലും യോഗാ വസ്ത്രങ്ങളും സാരിയും ധരിച്ചെത്തിയ സ്ത്രീകളായിരുന്നു.യോഗ പരിശീലനം കഴിഞ്ഞയുടന്‍ ആയിരുന്നു ബാബ രാംദേവിന്റെ യോഗം ആരംഭിച്ചത്. ഇതോടെ സ്ത്രീകള്‍ക്ക് യോഗ വസ്ത്രം മാറാന്‍ സമയം കിട്ടിയില്ല. അതിനാല്‍ യോഗ സ്യൂട്ടില്‍ തന്നെയാണ് അവര്‍ ചടങ്ങില്‍ പങ്കെടുത്തത്.

 

ഇത് കണ്ട രാംദേവ് അവര്‍ക്ക് സാരി ധരിക്കാന്‍ സമയമില്ലെങ്കില്‍ പ്രശ്നമില്ലെന്നും വീട്ടില്‍ പോയതിന് ശേഷം അത് ചെയ്യാമെന്നും പറഞ്ഞു. തുടര്‍ന്നാണ് രാംദേവ് വിവാദമായ പ്രസ്താവന നടത്തിയത്.താനെയിലെ ശിവസേന എംപി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

രാംദേവിന്റെ വിവാദ പ്രസ്താവനയില്‍  മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കങ്കര്‍ ശനിയാഴ്ച രാംദേവ് ഈ വിഷയത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

 

 

OTHER SECTIONS