By Greeshma Rakesh.12 09 2023
ചെന്നൈ: ചെന്നൈ - ബെംഗളൂരു ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തിലോ അടുത്തവര്‍ഷം തുടക്കത്തിലോ പണി പൂര്‍ത്തിയാവുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി. ഈ പാത വഴി വെറും രണ്ടു മണിക്കൂറില്‍ ഈ രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയില്‍ റോഡ് ഗതാഗതം സാധ്യമാവും. ചെന്നൈയില്‍ നടന്ന അശോക് ലേലാന്റിന്റെ 75–ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു നിതിന്‍ ഗഡ്ക്കരിയുടെ പ്രഖ്യാപനം.
രാജ്യത്തെ 36 ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ പദ്ധതികളില്‍ പെട്ടതാണ് ബെംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേ. ഇപ്പോള്‍ റോഡു മാര്‍ഗം ഏഴു മണിക്കൂറോളം സമയമെടുക്കുന്നതാണ് വെറും രണ്ടു മണിക്കൂറില്‍ പുതിയ എക്‌സ്പ്രസ് വേ വഴി സാധ്യമാവുക.
'ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേ തുറക്കും. ഇതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം വെറും രണ്ടു മണിക്കൂറായി മാറും' എന്നാണ് ഗഡ്ക്കരിയുടെ പ്രഖ്യാപനം.
നിരവധി സാധ്യതകളാണ് യാത്രാ സമയത്തില്‍ ഗണ്യമായ കുറവുണ്ടാവുന്നതോടെ തുറക്കുക. ഇരുമെട്രോ നഗരങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ ആഡംബര ബസ് സര്‍വീസുകള്‍ ആരംഭിക്കാം. വിമാന-ട്രയിന്‍ യാത്രയേക്കാള്‍ റോഡ് മാര്‍ഗമുള്ള യാത്രകളും കൂടുതലായി ഇതുവഴി ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മാത്രമല്ല വൈദ്യുത സ്ലീപ്പര്‍ ബസുകളും കൂടുതലായി സര്‍വീസുകള്‍ ആരംഭിക്കും. ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ കുറക്കാന്‍ വൈദ്യുത ബസുകള്‍ വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. 2024 മാര്‍ച്ചില്‍ പണി പൂര്‍ത്തിയാവുമെന്ന് നേരത്തെ പ്രഖ്യാപിച്ച എക്‌സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തിലോ അല്ലെങ്കില്‍ അടുത്ത ജനുവരിയിലോ തുറക്കുമെന്നാണ് ഗഡ്ക്കരി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ ഹോസ്‌കോട്ട് മുതല്‍ ശ്രീപെരുംപുത്തൂര്‍ വരെയാണ് എക്‌സ്പ്രസ് വേയുള്ളത്. ചെന്നൈയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ശ്രീപെരുംപത്തൂര്‍. 2022 മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ എക്‌സ്പ്രസ് വേക്ക് തറക്കല്ലിട്ടത്.
കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ് നാട് സംസ്ഥാനങ്ങളിലൂടെ പോവുന്ന ബാംഗളൂരു- ചെന്നൈ എക്‌സ്പ്രസ് വേക്ക് 262 കിലോമീറ്ററാണ് ദൂരം. ഇതില്‍ 240 കിലോമീറ്റര്‍ ദൂരവും എട്ടു വരിപാതയാണ്. ഈ പദ്ധതിക്കുവേണ്ടി ഏകദേശം 2,650 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വന്നത്.
മൂന്നു ഘട്ടങ്ങളായാണ് എക്‌സ്പ്രസ് വേയുടെ നിര്‍മാണം. കര്‍ണാടകയിലെ ഹോസ്‌കോട്ടെ മുതല്‍ ബേതമംഗല വരെ നീളുന്ന 62.6 കി.മീ വരെ നീളുന്നതാണ് ആദ്യഘട്ടം. ബേതമംഗല മുതല്‍ ആന്ധ്ര പ്രദേശിലെ ഗുഡിപാല വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ 85 കിലോമീറ്റര്‍ ദൂരം ഉള്‍പ്പെടുന്നു. ഗുഡിപാല മുതല്‍ ശ്രീപെരുംപിത്തൂര്‍ വരെ നീളുന്ന മൂന്നാം ഘട്ടത്തില്‍ 106 കിലോമീറ്റര്‍ പാതയാണ് നിര്‍മിക്കുക.
ബാംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേയുടെ പണി പൂര്‍ത്തിയാവുന്നതോടെ ഡല്‍ഹിയില്‍ നിന്നും ചെന്നൈ വരെ എക്‌സ്പ്രസ് വേകള്‍ തമ്മില്‍ ബന്ധമാവുമെന്നും ഗഡ്ക്കരി പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് സൂറത്ത്, നാസിക്, അഹ്‌മദ്‌നഗര്‍, കുര്‍ണൂല്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും പിന്നീട് കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളിലേക്കും എക്‌സ്പ്രസ് വേകള്‍ വരുമെന്നും കേന്ദ്ര ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജലാശയം മലിനമാക്കൽ ഇനി ജാമ്യമില്ലാക്കുറ്റം: ആറുമുതൽ ഒരു വർഷംവരെ തടവും പിഴയും
തിരുവനന്തപുരം: ഇനിമുതൽ ജലാശയം മലിനമാക്കിയാൽ ജാമ്യമില്ലാക്കുറ്റം.ഇതുൾപ്പെടെ മാലിന്യം കൈകാര്യംചെയ്യുന്നതിലെ ഗുരുതരവീഴ്ചകൾക്ക് കനത്തപിഴയും തടവുശിക്ഷയും ഉറപ്പാക്കിയുള്ള നിയമം തയ്യാറായി.
പുതിയ നിയമപ്രകാരം വിസർജ്യം ചവർ ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളിയാലും കക്കൂസ് വെള്ളം ഒഴുക്കിയാലും 10,000 മുതൽ 50,000 രൂപവരെ പിഴയീടാക്കും. മാത്രമല്ല ആറുമുതൽ ഒരുവർഷംവരെ തടവും ലഭിക്കും.
സ്വകാര്യസ്ഥലങ്ങളിൽപ്പോലും മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താൽ തത്സമയം 50,000 രൂപ പിഴയീടാക്കും.മാലിന്യമുക്ത കേരളത്തിനായി പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകളിലാണ് ഈ വ്യവസ്ഥകൾ.
വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തവർക്കെതിരേ നിയമനടപടിക്ക് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാർക്ക് അധികാരം നൽകുന്നതാണ് ഭേദഗതിനിയമം. 1000 രൂപമുതൽ 10,000 രൂപവരെ പിഴയീടാക്കാൻ സെക്രട്ടറിക്ക് അധികാരമുണ്ട്. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയോ ഒത്തുകൂടലോ നടത്തുകയാണെങ്കിൽ മൂന്നുപ്രവൃത്തിദിവസം മുമ്പെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിച്ചിരിക്കണം.
പിന്നീട് പരിപാടിസ്ഥലത്ത് മാലിന്യം തരംതിരിച്ച് ഏജൻസികൾക്ക് കൈമാറുന്നെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. മാലിന്യം നീക്കാനുള്ള ഫീസ് മുൻകൂറായി ഈടാക്കും.പൊതുസ്ഥലത്ത് മാലിന്യം കൂടിക്കിടന്ന് പരിസ്ഥിതിപ്രശ്‌നം ഉണ്ടായാൽ സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ ശിക്ഷാനടപടി നേരിടേണ്ടിവരും. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സർക്കാർ പിഴചുമത്തും.
അതെസമയം വീടുകളും സ്ഥാപനങ്ങളും മാലിന്യശേഖരണത്തിനുള്ള യൂസർഫീ മാസാവസാനം നൽകണം. 90 ദിവസത്തിനകം അടച്ചില്ലെങ്കിൽ 50 ശതമാനം പിഴയോടെ ഈടാക്കുകയും പൊതുനികുതി കുടിശ്ശികയായി കണക്കാക്കുകയും ചെയ്യും. തുക അടയ്ക്കുംവരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽനിന്ന് ഒരു സേവനവും കിട്ടുകയുമില്ല. ഇത് ആളൊഴിഞ്ഞ കെട്ടിടയുടമകൾക്കിത് ബാധകമല്ല.
മാലിന്യസംസ്കരണപദ്ധതികൾക്ക് സ്വകാര്യഭൂമി ഏറ്റെടുക്കാൻ അധികാരം നൽകുന്നതാണ് ബിൽ. മാലിന്യസംസ്‌കരണകേന്ദ്രങ്ങൾക്ക് സമീപത്തെ താമസക്കാർക്ക് നികുതി ഒഴിവാക്കലോ ഇളവോ പരിഗണിക്കും. ഇവിടെ പാർക്കുകൾ, കളിസ്ഥലങ്ങൾ, വ്യായാമകേന്ദ്രങ്ങൾ തുടങ്ങിയവ ഒരുക്കും. മാലിന്യം തള്ളുന്ന വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. വിവരം തെറ്റാണെങ്കിലോ ദുരുദ്ദേശത്തോടെയാണെങ്കിലോ 10,000 രൂപ പിഴയീടാക്കും.
കടകളുടെയും കച്ചവടസ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ 10,000 രൂപയാണ് ഗ്രാമപ്പഞ്ചായത്തുകളിൽ പിഴ. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ പിഴ 5000 രൂപ. ഹോട്ടൽ, റസ്‌റ്ററന്റ്, വീട്, വ്യവസായസ്ഥാപനം, ആശുപത്രി, തൊഴുത്ത് തുടങ്ങിയ ഇടങ്ങളിൽനിന്ന് മലിനജലം പൊതുഅഴുക്കുചാൽ, റോഡ്, പൊതുസ്ഥലം എന്നിവിടങ്ങളിലേക്ക് ഒഴുക്കിയാൽ പിഴ 5000 മുതൽ അരലക്ഷംവരെ.