By Web Desk.26 11 2022
* ഡെപ്പോസിറ്റ് തുക 5 ലക്ഷത്തില്‍ നിന്നും 12 ലക്ഷമാക്കി ഉയര്‍ത്തി
* ഹണി ബീയും എംസിബിയും എസ്എന്ജെയും 100നു താഴെയഉള്ള ബിയറുകളും ഇനി കിട്ടില്ല
* എല്ലാ മദ്യവും ഡിസ്പ്ലേ ഇല്ല, എങ്കിലും പ്രദര്ശനക്കൂലി
* മൂന്നുമാസത്തിലധികം കെട്ടിക്കിടന്നാല്‍ സൂക്ഷിക്കല്‍ തുക നല്‍കണം
* ഹോളോ ഗ്രാം മാറ്റും; പകരം കമ്പനിച്ചെലവില്‍ ബാര്‍കോഡ്
ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരം: ഡിസ്റ്റിലറി ഉടമകളില്‍ നിന്നും ഈടാക്കിയിരുന്ന ടേണ്‍ ഓവര്‍ ടാക്സ് കുറച്ചതിനു പിന്നാലെ പുതിയ തന്ത്രവുമായി ബിവറേജസ് കോര്പ്പറേഷന്. ഇത്തവണ മദ്യക്കമ്പനികള്‍ക്കാണ് ഇരുട്ടടിയായിരിക്കുന്നത്. നിലവില്‍ കമ്പനികളില്‍ നിന്നും ഈടാക്കിയിരുന്ന ഡെപ്പോസിറ്റ് തുകയായ 5 ലക്ഷം രൂപ 12 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഇതോടെ ജനപ്രിയ ബ്രാന്‍ഡുകളായ ഹണി ബീ, എംസിബി, സെലിബ്രേഷന്, എസ്എന്‍ജെ, തുടങ്ങിയവയും 100 രൂപയ്ക്കു ലഭിച്ചിരുന്ന ബിയറുകളും ഇനി മുതല്‍ കിട്ടില്ല.
മദ്യക്കുപ്പികളില്‍ പതിച്ചിരുന്ന ഹോളോഗ്രാമിനു പകരം ഇനി മുതല്‍ ബാര്‍കോഡ് സംവിധാനം കൊണ്ടുവരാനാണ് ഉദ്ദേശമെന്ന് ബെവ്കോ മദ്യക്കമ്പനികളെ അറിയിച്ചു. ഇതിനുള്ള തുകയും കമ്പനികള്‍ നല്‍കണം. നിലവില്‍ ഹോളോഗ്രാം പതിപ്പിക്കുന്നതിന് ഒരു കെയ്സിന് 11 രൂപയാണ് ഈടാക്കുന്നത്. ബാര്‍കോഡ് സംവിധാനം നടപ്പാക്കുന്നതോടെ ഈയിനത്തില്‍ കൂടുതല്‍ തുക മദ്യക്കമ്പനികളില്‍ നിന്നും ഈടാക്കുമെന്ന ഭയവും അവര്‍ക്കുണ്ട്. 22 വര്‍ഷമായി എക്സൈസ് ഡ്യൂട്ടി ബെവ്കോ ആയിരുന്നു അടച്ചിരുന്നത്. എന്നാല്‍ കുറച്ചു നാള് മുമ്പ് ഈ തുക മദ്യക്കമ്പനികളില്‍ നിന്നും ഈടാക്കാന്‍ ബെവ്കോ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കമ്പനികള്‍ സമരം നടത്തി. ഇതേത്തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചെങ്കിലും അത് ഉത്തരവായിറങ്ങിയിട്ടില്ല. ഈ തുകയും ഇപ്പോള്‍ തങ്ങള്‍ അടയ്ക്കേണ്ട ഗതികേടിലാകുമോ എന്ന ഭയത്തിലാണ് മദ്യക്കമ്പനികള്‍. കഴിഞ്ഞ ടെന്‍ഡറില്‍ ലോഡിന്റെ 180 ശതമാനമായിരുന്നു എക്സൈസ് ഡ്യൂട്ടി നല്‍കിയിരുന്നത്. അതായത് ഒരു കെയ്സിന് 1000 മുതല്‍ 1600 രൂപവരെയാണ് എക്സൈസ് ഡ്യൂട്ടി നല്‍കിയിരുന്നത്. ഓരോ കമ്പനികളും കുറഞ്ഞത് 15 കെയ്സ് മദ്യമെങ്കിലും ബെവ്കോയ്ക്ക് നല്‍കാറുണ്ട്. അങ്ങനെ വരുമ്പോള്‍ കോടികളാണ് സര്‍ക്കാരിന് എക്സൈക് ഡ്യൂട്ടിയായി ലഭിക്കുന്നത്. ചര്‍ച്ചകളുടെയും സമരത്തിന്റെയും അടിസ്ഥാനത്തിലാണ് എക്സൈസ് ഡ്യൂട്ടി ബെവ്കോ തന്നെ അടയ്ക്കാമെന്ന തീരുമാനത്തില്‍ എത്തിയത്. എന്നാല്‍ ഉത്തരവായിറങ്ങിയിട്ടില്ല. ഈ തുക അടയ്ക്കേണ്ടി വന്നാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് മദ്യക്കമ്പനികള്‍ പറയുന്നു.
ഇതിനു പുറമെ ഗോഡൗണുകളില്‍ 90 ദിവസത്തിലധികം മദ്യം കിടന്നാല്‍ കമ്പനികള്‍ പെനാല്‍റ്റി ചാര്‍ജും അടയ്ക്കണമെന്നാണ് ബെവ്കോയുടെ നിര്‍ദ്ദേശം. എന്നാല്‍ അത് എത്ര രൂപയാണെന്നു പറഞ്ഞിട്ടില്ല. എക്സൈസ് അനുവദിക്കുന്ന രീതിയില്‍ ഇന്‍സന്റീവായി നല്‍കണമെന്നാണ് ബെവ്കോ പറയുന്നത്. ബാറുകള്‍ക്ക് നല്കുന്ന മദ്യത്തിന് രണ്ടു ശതമാനം ഡിസ്പ്ലേ ചാര്‍ജിനത്തില്‍ മദ്യക്കമ്പനികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇനിമുതല്‍ ഏഴുശതമാനം ടാക്സ് അടയ്ക്കണമെന്നാണ് ബെവ്കോയുടെ നിര്‍ദ്ദേശം. ഡിസ്പ്ലേ ചാര്‍ജെന്ന പേരിലാണ് ഈ തുക ഈടാക്കുന്നതെങ്കിലും ബാറുകളില്‍ മദ്യം ഡിസ്പ്ലേ ചെയ്യാന്‍ പാടില്ലെന്നതാണ് എക്സൈസ് നിയമം. അതായത് പ്രത്യേക അനുമതിയുള്ള കൗണ്ടറുകളില്‍ മാത്രമേ മദ്യം ഡിസ്പ്ലേ ചെയ്യാന്‍ പാടുള്ളു. ഈ നിയമം നിലനില്‍ക്കെയാണ് എല്ലാ മദ്യക്കമ്പനികളില്‍ നിന്നും രണ്ടു ശതമാനമായിരുന്ന നികുതി ഏഴുശതമാനമായി വര്‍ദ്ധിപ്പിച്ചത്.
ബെവ്കോയുടെ പുതിയ തീരുമാനം ബുദ്ധിമുട്ടിലാക്കുന്നത് ആയിരത്തിനു താഴെ വിലവരുന്ന മദ്യക്കമ്പനികളെയാണ്. അത്തരം മദ്യമാണ് സാധാരണക്കാര്‍ വാങ്ങി ഉപയോഗിക്കുന്നത്. ബെവ്കോയുടെ നിര്‍ദ്ദേശം താങ്ങാനാകില്ലെന്നും അതിനാല്‍ തങ്ങള്‍ ഇത്തരം ബ്രാന്‍ഡുകള്‍ നല്‍കില്ലെന്നും മദ്യക്കമ്പനി ഉടമകള്‍ പറയുന്നു. ഇതോടെ സാധാരണക്കാര്‍ വിലകൂടിയ മദ്യം വാങ്ങി ഉപയോഗിക്കേണ്ട ഗതികേട് വരും. സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ സംസ്ഥാനത്ത് വ്യാജമദ്യവും ഒഴുകുമെന്ന് എക്സൈസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.