By Greeshma Rakesh.06 06 2023
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍ ലഹരി വേട്ടയുമായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). 15,000 എല്‍എസ്ഡി ബ്ലോട്ടുകളും 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും എന്‍സിബി പിടിച്ചെടുത്തു.
മാത്രമല്ല വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെത്തി.ഇന്ത്യയില്‍ മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ശൃംഖലയുടെ ഭാഗമായ ആറു പേരെയാണ് അറസ്റ്റു ചെയ്തത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ പ്രധാനിയെ പിടികൂടിയത് ജയ്പുരില്‍ നിന്നാണ്.
''ഡാര്‍ക് നെറ്റ് ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകള്‍. ഓണ്‍ലൈനായുള്ള ഇടപാടുകളില്‍ പണം അടച്ചിരുന്നത് ക്രിപ്‌റ്റോ കറന്‍സിയായോ ക്രിപ്‌റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ്. ലഹരി വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ നേരിട്ട് യാതൊരു ഇടപാടുകളുമില്ല.' - എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് വിശദീകരിച്ചു. ലഹരി ശൃംഖല പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ക്കു പുറമെ കേരളത്തിലും പടര്‍ന്നു കിടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റിലെ അധോലോകമെന്നാണ് ഡാര്‍ക് വെബ് അറിയപ്പെടുന്നത്. ലഹരിക്കടത്തുകാര്‍ മുതല്‍ രാജ്യാന്തര കള്ളക്കടത്തുകാരും കൊലപാതകികളും വിഹരിക്കുന്ന ഇടമാണത്. സംശയകരമായി കണ്ട ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരം അനുസരിച്ചാണ് ഈ ലഹരി സംഘത്തെ വലയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധയില്‍പെടാതിരിക്കാന്‍ സ്വകാര്യ മെസേജിങ് ആപ്പുകളും രഹസ്യ വെബ്‌സൈറ്റുകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. പിടിയിലായ ആറു പേരും ടെക്നിക്കല്‍ കാര്യങ്ങളില്‍ മിടുക്കുള്ളവരാണെന്നും എന്‍സിബി വെളിപ്പെടുത്തി.ലൈസര്‍ജിക് ആസിഡ് ഡൈതൈലമൈഡ് എന്ന ലഹരിവസ്തുവിന്റെ ചുരുക്കപ്പേരാണ് എല്‍എസ്ഡി.
ഒരു കിലോയില്‍ താഴെവരെ കഞ്ചാവ് കൈവശം വയ്ക്കുന്നതു ജാമ്യം കിട്ടാവുന്ന കുറ്റമാണ്. എന്നാല്‍, എല്‍എസ്ഡി .002 ഗ്രാമിലധികം കയ്യില്‍ വച്ചാല്‍ ജാമ്യം കിട്ടില്ല. പിടിച്ചെടുത്ത എല്‍എസ്ഡിക്കു മാത്രം 10 കോടിയിലധികം രൂപ വില വരും.ഇന്‍സ്റ്റഗ്രാമിലൂടെ യുവാക്കളെ കണ്ടെത്തി വലയിലാക്കുന്നതായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തന രീതി. വലയില്‍ വീഴ്ത്തിക്കഴിഞ്ഞാല്‍ ഇവരുമായുള്ള ഇടപാടുകള്‍ ചില സ്വകാര്യ മെസേജിങ് ആപ്പുകള്‍ വഴിയാക്കും.