പ്രകൃതി സംരക്ഷണ പാഠം പകർന്ന് ജൈവ വൈവിധ്യ മ്യൂസിയം

By Sooraj Surendran .20 01 2020

imran-azhar

 

 

തിരുവനന്തപുരം: എല്ലാ വർഷവും ജൂൺ അഞ്ചിന് നാം പരിസ്ഥിതി ദിനം ആഘോഷിക്കാറുണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന് മാത്രമല്ല നാം ഊന്നൽ നൽകേണ്ടത്. ആത്യന്തികമായി സംരക്ഷിക്കപ്പെടേണ്ടത് ജൈവവൈവിധ്യമാണ് ജീവി വർഗങ്ങളാണ്. പരിസ്ഥിതി സംരക്ഷണവും, ജൈവവൈവിധ്യ സംരക്ഷണവും, ജീവി വർഗങ്ങളുടെ സംരക്ഷണവും സാധ്യമായെങ്കിൽ മാത്രമേ പ്രകൃതിക്ക് സുഗമമായ നിലനിൽപ്പുള്ളൂ. ഇത്തരത്തിലൊരു അവബോധം യുവ തലമുറയിലേക്കും, പൊതുജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്തെ വള്ളക്കടവിൽ രാജ്യത്തെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം യാഥാർഥ്യമായിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കൗതുകം വര്‍ധിപ്പിക്കാനും, പഠനപ്രക്രിയയില്‍ സഹായിക്കാനും, അടുത്ത തലമുറയ്ക്ക് പ്രചോദനമാകാനുമാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. 'ജൈവവൈവിധ്യം- ജീവന് ആധാരം', 'ഇന്ററാക്ടീവ് കീയോസ്‌ക്', 'സയന്‍സ് ഓണ്‍ സ്ഫിയര്‍', ത്രീഡി തീയറ്റർ, പ്രദര്‍ശനഗ്യാലറി എന്നീ അഞ്ച് വിഭാഗങ്ങൾ അടങ്ങുന്ന മ്യൂസിയത്തിന്റെ ഉദ്‌ഘാടനം 2018 ജൂൺ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്. പ്രകൃതിയുടെ ദുരൂഹതകളും, ശാസ്ത്രത്തിന്റെ കാണാക്കാഴ്ചകളും സാധാരണക്കാർക്കും മനസിലാക്കാന്‍ കഴിയുംവിധമാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.

 

ജൈവവൈവിധ്യ സംരക്ഷണ വീഡിയോ, ഇന്ററാക്ടീവ് പാനലുകള്‍, ജീവന്‍ തുളുമ്പുന്ന ജന്തു-ജീവജാലങ്ങളുടെ മോഡലുകൾ, വൈവിധ്യമാർന്ന പ്രദർശന സാമഗ്രഹികൾ തുടങ്ങിയവ മ്യൂസിയത്തെ കൂടുതൽ ആകർഷകമാക്കുന്നു. തിരുവിതാംകൂർ രാജഭരണ കാലം മുതൽക്കേ ഉണ്ടായിരുന്ന ബോട്ടുപുരയെന്ന പൈതൃക കേന്ദ്രത്തിലാണ് നിലവിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ടൂറിസം വകുപ്പ് ജൈവവൈവിധ്യ് ബോർഡിന് കൈമാറുകയും തുടർന്ന് മ്യൂസിയം സ്ഥാപിക്കുകയുമായിരുന്നു. ജൈവവൈവിധ്യ ബോർഡ് ടെക്നിക്കൽ അസോസിയേറ്റായ ഡോ. പ്രദീപ് ആണ് മ്യൂസിയം സൂപ്പർവൈസർ ഇൻ ചാർജ്. റിട്ട: ഐഎഫ്എസ് ഓഫീസർ എസ്.മോഹനൻ പിള്ളയാണ് മ്യൂസിയത്തിന്റെ ഓഫീസർ ഇൻ ചാർജ്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 10.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് സന്ദര്‍ശന സമയം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡാണ് മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് വയസിനും പതിനഞ്ച് വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് 30 രൂപയാണ് പ്രവേശന ഫീസ്. മുതിർന്നവർക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്.


വനനശീകരണം ജീവജാലങ്ങൾക്ക് ഭീഷണിയോ? അടുത്തറിയാം 3D തീയറ്ററിലൂടെ...

 

ജൈവവൈവിധ്യ സംരക്ഷണത്തെ കുറിച്ചുള്ള വീഡിയോകളും, വന നശീകരണം കൊണ്ടുള്ള ദോഷഫലങ്ങൾ, അവ എങ്ങനെ ഭൂമിയിലെ ജീവജാലങ്ങളെ എങ്ങനെ ബാധിക്കുന്നു, കടൽ മലിനമാകുന്നതിനെ കുറിച്ചുള്ള വിഡിയോകൾ, കാട്ടുതീ ആവാസവ്യവഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ, ഇവ എങ്ങനെ പരിസ്ഥിതിക്കും, ജീവജാലങ്ങൾക്കും നാശമുണ്ടാക്കുന്നു എന്ന് 3D തീയറ്ററിലൂടെ നമുക്ക് അടുത്തറിയാൻ സാധിക്കുന്നു. ഒരേ സമയം 55 പേർക്ക് സുഗമമായി കാണാവുന്ന തരത്തിലാണ് 3D തീയറ്റർ സജ്ജീകരിച്ചിരിക്കുന്നത്. 20 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോകളാണ് പ്രദർശിപ്പിക്കുക. മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് 3D തീയറ്റർ.

 

ജീവജാലങ്ങളുടെ പരിണാമം തൊട്ടറിയാൻ ഇന്ററാക്ടീവ് കീയോസ്‌ക്

 

പരിണാമത്തിന്റെ ഘട്ടങ്ങള്‍, ജൈവവൈവിധ്യവുമായി ഇതിനുള്ള ബന്ധം, ഭൂമി എങ്ങനെ ഉണ്ടായി തുടങ്ങിയ വിവരങ്ങൾ ക്രമപ്രകാരം ഇന്ററാക്ടീവ് കീയോസ്‌കിലൂടെ വിശദീകരിക്കുന്നു. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിമമനുഷ്യർ വനത്തെ സംരക്ഷിച്ച് പോന്ന രീതികൾ, കൃതിയിലെ ജൈവവൈവിധ്യം എങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു തുടങ്ങിയ വിവരണങ്ങളും ഇന്ററാക്ടീവ് കീയോസ്‌കിലൂടെ മനസിലാക്കാൻ സാധിക്കും. അകെ 12 കിയോസ്കുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അതോടൊപ്പം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ജിജ്ഞാസ ഉണർത്തുന്ന ദിനോസറുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങളും കീയോസ്‌കിലൂടെ ലഭിക്കുന്നു. ഇക്കോളജിക്കൽ പിരമിഡ്, ആഹാരശൃംഖല, തുടങ്ങിയ വിശദമായ വിവരങ്ങളും ലഭിക്കുന്നു. ഒരേ സമയം 40 പേർക്ക് കേൾക്കാവുന്ന തരത്തിലാണ് ഇന്ററാക്ടീവ് കീയോസ്‌ക് ഒരുക്കിയിരിക്കുന്നത്. അരമണിക്കൂറാണ് ദൈർഖ്യം.

 

 

ജീവൻ തുളുമ്പുന്ന ജീവജാലങ്ങളും, ശലഭങ്ങളുടെ ജീവിതചക്രവും

 

ജൈവ വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗങ്ങളും വിളിച്ചോതുന്ന പ്രദര്‍ശനങ്ങളാണ് മ്യൂസിയത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ജീവൻ തുളുമ്പുന്ന ജീവജാലങ്ങളുടെ ലൈവ് മോഡലുകളും, കടലിന്റെ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക പ്രാധാന്യം, പവിഴപ്പുറ്റുകളുടെ മോഡലുകൾ, ശുദ്ധജല സ്രോതസുകൾ മനുഷ്യരാൽ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം യുവതലമുറയിലും, മുതിർന്നവരിലും എത്തിക്കുന്നതിനായി ശുദ്ധജല മോഡൽ, ചിത്രശലഭങ്ങളുടെ ജീവിത ചക്രത്തെ കുറിച്ചുള്ള പ്രദർശനങ്ങൾ, കൊടിയ വിഷം അടങ്ങിയിട്ടുള്ള 'ഫ്‌ളവർ കോൺ' ഉൾപ്പെടെയുള്ള 300 ഇനം ശംഖുവർഗങ്ങളുടെ പ്രദർശനം, ഇന്ത്യൻ കടലുകളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിച്ച പവിഴപ്പുറ്റുകൾ, തുടങ്ങിയവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരങ്ങളുടെ ആവാസവ്യവസ്ഥ, ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ പക്ഷികളെയും മൃഗങ്ങളെയും കാണാനും അവയുടെ ശബ്ദവും വിവരണങ്ങളും ലഭ്യമാക്കുന്ന കിയോസ്‌ക്കുകൾ തുടങ്ങിയവയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ.