ആശങ്ക പരത്തി ബ്ലാക്ക് ഫംഗസ്

By Web Desk.15 05 2021

imran-azhar

 

 

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായിരിക്കുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആ ഭീതിയില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല. ആ ആശങ്കകള്‍ നിലനില്‍ക്കെ കോവിഡ് രോഗികളിലും കോവിഡ് മുക്തരിലും ഇപ്പോള്‍ മറ്റൊരു ഫംഗല്‍ ബാധ കൂടി കണ്ടെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നു. മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് എന്ന ഫംഗസ് ബാധയാണ് ആശങ്കയാകുന്നത്. ഇതിനെ നിസാരമായി കാണരുതെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ശ്വാസകോശത്തിലും തലച്ചോറിലും വരെ ഈ ഫംഗസ് ബാധിക്കാമെന്നും മരണത്തിന് വരെ കാരണമാകുമെന്നുമാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളിലാണ് കോവിഡ്-19 രോഗികളില്‍ അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഫംഗസ് അണുബാധ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മ്യൂക്കര്‍മൈക്കോസിസ് എന്നറിയപ്പെടുന്ന ഈ രോഗം 'ബ്ലാക്ക് ഫംഗസ്' എന്നും വിളിക്കപ്പെടുന്നു. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്വാസകോശത്തെയും തലച്ചോറിനെയും ഗുരുതരമായി ബാധിക്കും. കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് അണുബാധ വ്യാപിച്ചതോടെ കോവിഡ് ദേശീയ ദൗത്യസംഘത്തിലെ വിദഗ്ധര്‍ ഈ രോഗത്തെക്കുറിച്ച് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കഴിഞ്ഞു.

 

ബ്ലാക്ക് ഫംഗസ് അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണ് ഇതുണ്ടാക്കുന്നത്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. സ്വഭാവിക പ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്ന് കഴിക്കുന്നവരെയാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായും ബാധിക്കുന്നത്. അത്തരം വ്യക്തികളുടെ ശ്വാസകോശത്തില്‍ ഫംഗസിന്റെ ബീജങ്ങള്‍ വായുവില്‍നിന്നു ശ്വസിക്കുന്നതു വഴി രോഗബാധയുണ്ടാകുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോ കോവിഡില്‍നിന്ന് മുക്തിനേടിയതോ ആയ ആളുകള്‍ക്കിടയില്‍ മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മ്യൂക്കര്‍മൈസെറ്റുകള്‍ വലിയ ഭീഷണിയല്ല.

 

ആന്റി ഫംഗലുകള്‍ ഉപയോഗിച്ച് ചികിത്സിക്കുമ്പോള്‍ മ്യൂക്കര്‍മൈക്കോസിസിന് അന്തിമമായി ശസ്ത്രക്രിയ ആവശ്യമായി വന്നേക്കും. പ്രമേഹത്തെ നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗം കുറയ്ക്കുക, രോഗപ്രതിരോധ വ്യവസ്ഥയെ നിയന്ത്രിക്കുന്നതിനോ സാധാരണ നിലയിലാക്കുന്നതിനോ സഹായിക്കുന്ന മരുന്നുകള്‍ നിര്‍ത്തുക എന്നിവ വളരെ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ്-19 ചികിത്സയെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവരിലെ പ്രമേഹരോഗികളില്‍ ഹൈപ്പര്‍ ഗ്ലൈസീമിയ നിയന്ത്രിക്കണമെന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കണമെന്നും ദൗത്യസംഘത്തിലെ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ഇത് എല്ലാവര്‍ക്കും വരാന്‍ സാധ്യതയുള്ള ഒരു രോഗമല്ല എന്നത് ഒരുപരിധിവരെ ആശ്വാസം നല്‍കുന്നുണ്ട്.

 

അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങിയാല്‍ ബ്ലാക്ക് ഫംഗസ് ബാധയെ പൂര്‍ണമായി തന്നെ തടയാന്‍ സാധിക്കും. പ്രധാനമായും വേണ്ടത് വ്യക്തി ശുചിത്വം തന്നെയാണ്. കുളിക്കുമ്പോള്‍ സ്‌ക്രബ് ഉപയോഗിച്ച് തേച്ച് കുളിക്കുക. മാസ്‌ക് കൃത്യമായി തന്നെ ധരിക്കുക, മണ്ണിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഷൂസ് ധരിക്കുക, കാല്‍ മുഴുവന്‍ മറയുന്ന പാന്റ്‌സ് ധരിക്കുക, കൈമൂടിയ ഷര്‍ട്ട് ധരിക്കുക, ഗ്ലൗസ് ഉപയോഗിക്കുക തുടങ്ങിയവയാണ് നമുക്ക് ഇതിനെ പ്രതിരോധിക്കാനായി ചെയ്യാന്‍ കഴിയുന്നതെന്നാണ് ആരോഗ്യ രംഗത്ത വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വലിയ വ്യാപനം ഉണ്ടായിട്ടില്ല. രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരാത്തതും ഒരു പരിധിവരെ ആശ്വാസമാണ്. അതേസമയം കോവിഡ് വന്നുപോയി. ഇനി ഭയക്കാനില്ല എന്ന ഭാവമാണ് കോവിഡ് മുക്തരായ പലരിലുമുള്ളത്. ഈ അലംഭാവം ഒരിക്കലും പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡ് രണ്ടാമതും പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മാത്രമല്ല ഇത്തരം ഫംഗല്‍ ബാധകളെയും ശ്രദ്ധിച്ചേ മതിയാകൂ. അങ്ങേയറ്റം കരുതുക. ഈ യുദ്ധത്തില്‍ അങ്ങനെ മാത്രമേ നമുക്ക് ജയിക്കാനാകൂ. 

 

രോഗലക്ഷണങ്ങള്‍

 

കോവിഡ് ദേശീയ ദൗത്യസംഘത്തിലെ വിദഗ്ധരുടെ ഉപദേശപ്രകാരം താഴെ പറയുന്നവ ഉണ്ടെങ്കില്‍ മ്യൂക്കോര്‍മൈസെറ്റ് അണുബാധ സംശയിക്കണം.

 

സൈനസൈിറ്റിസ് - മൂക്കടപ്പ് അല്ലെങ്കില്‍ രക്തം കട്ടപിടിക്കല്‍, മൂക്കൊലിപ്പ് (കറുത്ത നിറത്തില്‍/രക്തം കലര്‍ന്ന്)

കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം

മൂക്കിന്റെ പാലത്തിന്, അണ്ണാക്കിനു മുകളില്‍ കറുത്ത നിറം

പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് ഇളക്കം

വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച

ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍

നെഞ്ചുവേദന, ശ്വാസകോശ ആവരണങ്ങള്‍ക്കിടയിലെ ദ്രാവക പ്രവാഹം,

 

OTHER SECTIONS