ആമയുടെ പുറത്ത് വെച്ച് പൂജിച്ചാല്‍ ഇരട്ടിയാകും; യുവതിയുടെ 23 പവന്‍ തട്ടിയെടുത്ത കാമുകന്‍ അറസ്റ്റില്‍

By Greeshma Rakesh.22 03 2023

imran-azhar

 

 

കൊച്ചി: ആമയുടെ പുറത്ത് വെച്ച് പൂജിച്ചാല്‍ പണം ഇരട്ടിക്കുമെന്നു പറഞ്ഞ് യുവതിയുടെ 23 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്ത കാമുകനും സുഹൃത്തും അറസ്റ്റില്‍.ഇടുക്കി ചുരുളി ആല്‍പ്പാറമുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി (23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയടെുത്തത്.

 

കിച്ചു ബെന്നിയുടെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ 23 പവന്‍ സ്വര്‍ണാഭരണങ്ങളാണ് പ്രതികള്‍ തട്ടിയെടുത്തത്. രാജസ്ഥാനിലെത്തി ആമയുടെ മുകളില്‍ പണം വെച്ച് പ്രത്യേക പൂജ ചെയ്താല്‍ ഇരട്ടിക്കുമെന്ന് വിശാല്‍ മീണ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. വിശാലിന്റെ സഹായത്തോടെ യുവതിയുടെ കൈയില്‍നിന്ന് സ്വര്‍ണം വാങ്ങി രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു കിച്ചു ബെന്നി.

 

സ്വര്‍ണം വിറ്റുകിട്ടിയ പണം ആമയുടെ പുറത്തുവെച്ച് ഇരട്ടിയാക്കാമെന്ന് ഇയ്യാള്‍ വിശ്വസിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.ബുധനാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും. ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എസ്. രതീഷ്, എന്‍. ആഷിക്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി. വിനീത്, അജിലേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് ഷൊര്‍ണൂരില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.

OTHER SECTIONS