By Priya.19 03 2023
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബസ് മറിഞ്ഞ് 4 പേര്‍ മരിച്ചു. ഇവര്‍ നാല് പേരും ബിഹാര്‍ സ്വദേശികളാണ്. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.
ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബര്‍സൂ മേഖലയില്‍ ഇന്നലെയാണ് സംഭവം.ബസ്സില്‍ ഉണ്ടായിരുന്ന 23 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിലെ മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചതായി പുല്‍വാമ ഡെപ്യൂട്ടി കമ്മീഷണര്‍ ബസീര്‍ ഉള്‍ ഹഖ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 10,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രികളില്‍ സന്ദര്‍ശിച്ച് ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പുല്‍വാമയിലെയും ശ്രീനഗറിലെയും വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ആരോഗ്യ പരിചരണവും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കിയതായും ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.