മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സ്റ്റാലിന്‍ സര്‍ക്കാര്‍; ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റിയേക്കും

By web desk.09 05 2023

imran-azhar

 

 


ചെന്നൈ: തമിഴ്നാട്ടില്‍ മന്ത്രിസഭ പുനഃസംഘടനയ്ക്ക് ഒരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഈ മാസം അവസാനം വിദേശത്തേക്ക് പോകാനിരിക്കുന്നതിനാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മന്ത്രിസഭാ പുനഃസംഘടന നടക്കാനാണ് സാധ്യത. ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ (പിടിആര്‍) മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സംസാരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തിലാണ് പുനഃസംഘടനാ നീക്കമെന്നാണ് സൂചന.

 

മന്നാര്‍ഗുഡിയില്‍ നിന്നുള്ള എംഎല്‍എ ടി.ആര്‍.ബി രാജ മന്ത്രിസഭയിലേക്കെത്തിയേക്കും. മൂന്ന് വട്ടം എംഎല്‍എയായ രാജ മുതിര്‍ന്ന നേതാവും എംപിയുമായ ടി.ആര്‍ ബാലുവിന്റെ മകനാണ്. ശങ്കരന്‍കോവില്‍ എംഎല്‍എയായ ഇ.രാജയും മന്ത്രിസഭയിലേക്കെത്തിയേക്കും. അതേസമയം മന്ത്രിസഭയില്‍ 53 മന്ത്രിമാരാണ് ഉള്ളത്.

 

പുതിയ ഒരാളെ മന്ത്രിയാക്കിയാല്‍ നിലവില്‍ മന്ത്രിസഭയിലുള്ളവരില്‍ ആരെങ്കിലും ഒഴിവാകേണ്ടി വരും. പ്രകടനം മോശമായ രണ്ട് മന്ത്രിമാരോടു രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഇതില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഉള്‍പ്പെടുമോയെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലയാണ് സ്റ്റാലിന്റെ മകന്‍ ഉദയനിധിയെയും മരുമകന്‍ വി. ശബരീശനെയും കുറിച്ച് ധനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്തു വിട്ടത്. ഈ സന്ദേശങ്ങള്‍ തന്റെ അല്ലെന്നാണു ധനമന്ത്രിയുടെ വാദം. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു മാറ്റം വരുത്തിയ ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ധനമന്ത്രി പളനിവേല്‍ ആരോപിക്കുന്നു.

 

ഉദയനിധിയും ശബരീശനും അഴിമതിയിലൂടെ കോടികളുണ്ടാക്കുന്നുവെന്നും ഇവര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരേ സമയം നിയന്ത്രിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പി.ടി.ആര്‍. പറയുന്ന തരത്തിലുള്ള രണ്ട് ശബ്ദസന്ദേശങ്ങളാണ് അണ്ണാമലൈ പുറത്ത് വിട്ടത്.

 

എന്നാല്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയവയാണ് രണ്ട് സന്ദേശങ്ങളെന്നും പ്രതികരിച്ച പി.ടി.ആര്‍ താന്‍ ഒരിക്കലും ഉദയനിധിയെയും ശബരീശനെയും വിമര്‍ശിച്ചിട്ടില്ലെന്നും വിശദീകരിച്ചിരുന്നു.

 

 

 

 

 

OTHER SECTIONS