പിണങ്ങിക്കഴിയുന്ന ഭാര്യക്ക് സ്വന്തം ചരമ നോട്ടീസ് അയച്ചു; കാറപകടത്തില്‍ പരിക്കേറ്റു

By Shyma Mohan.14 01 2023

imran-azhar

 

കൊല്ലം: അഞ്ചലില്‍ സ്വന്തം മരണവാര്‍ത്തയുണ്ടാക്കി പോസ്റ്റര്‍ അച്ചടിച്ച് വിതരണം ചെയ്യുകയും പിണങ്ങിക്കഴിയുന്ന ഭാര്യക്ക് അയച്ചുകൊടുക്കുകയും ചെയ്ത യുവാവ് കാറപകടത്തില്‍ പരിക്കേറ്റ നിലയില്‍. പരുമല പ്രക്കാട്ടേത്ത് പിഎസ് സനു എന്ന 34കാരനാണ് കാറപകടത്തില്‍ പരിക്കേറ്റത്. കുടുംബ കലഹത്തെ തുടര്‍ന്ന് സനുവും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസിച്ചുവരുന്നത്.

 

കഴിഞ്ഞ ഒക്ടോബര്‍ 18ന് ഇയാള്‍ താന്‍ മരിച്ചുവെന്ന് കാണിക്കുന്ന പോസ്റ്ററുണ്ടാക്കി ഭാര്യക്കും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സനു ഭാര്യാ വീട്ടില്‍ കയറുന്നത് കോടതി വിലക്കിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

ഏതാനും ദിവസമായി പിന്നിലെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലുള്ള കാറില്‍ ഇയാള്‍ പ്രദേശത്ത് വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇടിച്ചുതകര്‍ന്ന നിലയില്‍ കാണപ്പെട്ടത്. പൊട്ടിയ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കയര്‍, ബ്ലേഡ്, കൊടി മുതലായവും കാറിനുള്ളിലുണ്ടായിരുന്നു.

 

അപകടത്തില്‍ പരിക്കേറ്റ നിലയില്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ ശേഷം ഇയാള്‍ മടങ്ങിയെന്നാണ് വിവരം.