By Ameena Shirin s.05 07 2022
റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് . സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ .
സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കളക്ടർക്കോ, ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിലോ പരാതിപ്പെടാം.
ചാർജ് ഈടാക്കിയാൽ ചെയ്യേണ്ടത്
ബില്ലിൽ നിന്ന് സർവീസ് ചാർജ് പിൻവലിക്കാൻ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെടാം.
ദശീയ ഉപഭോക്തൃ ഹെൽപ്‌ലൈനായ 1915 ൽ പരാതിപ്പെടാം
കൺസ്യൂമർ കമ്മീഷനിൽ പരാതിപ്പെടാം. http://www.e-daakhil.nic.in/ എന്ന പോർട്ടൽ വഴിയും പരാതി രജിസ്റ്റർ ചെയ്യാം.
ജില്ലാ കളക്ടർക്കോ, com-ccpa@nic.in എന്ന മെയിൽ വിലാസമുപയോഗിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്കോ പരാതി നൽകാം.
ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്ഗോയൽ വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.