By web desk .30 01 2023
തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ട് പദ്ധതികളിലൂടെ 1000 ഇലക്ട്രിക് ബസുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍, ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാന്‍ കഴിയുന്ന 750 ബസുകള്‍ ഡ്രൈവര്‍ ഉള്‍പ്പടെ ലീസ് വ്യവസ്ഥയിലാണ് നല്‍കുന്നത്.
വാടക നല്‍കണം. നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷന്‍ ഓഫ് സിറ്റി സര്‍വീസ് സ്‌കീമില്‍ ഉള്‍പ്പെടുത്തി ലഭിക്കുന്ന 250 ബസുകള്‍ സൗജന്യമാണ്.ഒരു ബസിന്റെ വില ശരാശരി ഒരു കോടി രൂപയാണ്.
വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തികഭദ്രതയും ലക്ഷ്യമിട്ടുകൊണ്ടാണ് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത്.
750 ഇ- ബസുകളും ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററില്‍ കൂടുതല്‍ ഓടും. നഗര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും.
ഊര്‍ജ്ജ വകുപ്പിന്റെ നാഷണല്‍ ബസ് പ്രോഗ്രം അനുസരിച്ച് ലഭിക്കുന്ന 750 ബസുകള്‍ക്ക് ഡ്രൈവറുടെ ശമ്പളം അടക്കം കിലോമീറ്ററിന് 43 രൂപ വാടകയായി നല്‍കണം.
ഡ്രൈവറെ നല്‍കുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. .നിലവിലുള്ള ബസുകളെ സി.എന്‍.ജിയിലേക്കും എല്‍.എന്‍.ജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കുന്നുണ്ട്.
സി.എന്‍.ജിയുടെ വില കുറയുന്നതിനുസരിച്ച് 3000 ഡീസല്‍ ബസുകള്‍ കൂടി സി.എന്‍.ജിയിലേക്ക് മാറ്റും.പരീക്ഷണത്തിനായി 5 ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റിയത് വിജയിച്ചിരുന്നു.
തിരുവനന്തപുരത്ത് ഇപ്പോള്‍ 82-83 രൂപയാണ് കിലോഗ്രാമിന് സി.എന്‍.ജി വില. അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസ് മെക്കാനിസം (എ.പി.എം) സി.എന്‍.ജിക്ക് ബാധകമാകുമ്പോള്‍ വില 70 രൂപ വരെയായി കുറയുമെന്നാണ് ഉത്പാദകര്‍ അറിയിച്ചിരിക്കുന്നത്.
ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ എല്‍.എന്‍.ജി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന നേട്ടത്തെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ബറോഡയിലെത്തി വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തും.