ചാറ്റ് ജിപിടിയെ നിരോധിച്ച് ഇറ്റലി; നടപടിക്കൊരുങ്ങി അയര്‍ലന്‍ഡ്

By Web Desk.01 04 2023

imran-azhar

 


എഐ ചാറ്റ്‌ബോട്ട് ചാറ്റ് ജിപിടിയെ നിരോധിച്ച് ഇറ്റലി. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നടപടി. മൈക്രോസോഫ്റ്റ് പിന്തുണയോടെ യുഎസ് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍എഐ സൃഷ്ടിച്ച എഐ ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി.

 

ഇറ്റാലിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ സംശയങ്ങളില്‍ ഉത്തരം നല്‍കാന്‍ ഓപ്പണ്‍എഐക്ക് 20 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അയര്‍ലാന്‍ഡിലും ചാറ്റ് ജിപിടിക്കെതിരെ നിരോധന നീക്കം നടക്കുന്നുണ്ട്.

 

എല്ലാതരത്തിലുള്ള സ്വകാര്യതാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് ഓപ്പണ്‍എഐ ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനം സംബന്ധിച്ച് ബിബിസിയോട് പ്രതികരിച്ചത്.

 

കഴിഞ്ഞ നവംബറിലാണ് ഓപ്പണ്‍ എഐ ചാറ്റ് ജിപിടി 3.5 എന്ന എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് ചാറ്റ് ജിപിടി ഒരു തരംഗമായി മാറി.

 

ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍) നല്‍കുന്ന ചോദ്യങ്ങള്‍ വിശദമായി മനുഷ്യന്‍ പ്രതികരിക്കും പോലെ മറുപടി നല്‍കുന്ന എഐ ടൂളാണ്. ഇതിന് ചില പരിമിതികള്‍ ഉണ്ട്. എന്നാല്‍, ഇന്നുവരെ ഉണ്ടാക്കിയ ഏറ്റവും മികച്ച എഐ ടൂളുകളില്‍ ഒന്നാണ് ചാറ്റ് ജിപിടി എന്നാണ് വിലയിരുത്തല്‍.