By Lekshmi.30 03 2023
അഹമ്മദാബാദ്: കോഴി മൃഗമാണോ എന്നതിൽ ഗുജറാത്ത് ഹൈക്കോടതിയിൽ വാദം.കോഴിയെ കോഴിക്കടകളിൽ കശാപ്പ് ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിന്മേൽ ഗുജറാത്ത് ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെയാണ് കോഴി മൃഗമാണോ എന്ന ചോദ്യമുയർന്നത്.നിയമപ്രകാരം കോഴി മൃഗമാണോ പക്ഷിയാണോ എന്നതിൽ ആശയക്കുഴപ്പം തുടരുകയാണെന്ന് കോടതി വ്യക്തമാക്കി.
മൃഗങ്ങളെ കൊല്ലേണ്ടത് അറവുശാലകളിൽ വെച്ചാണെന്നും കടകളിൽ വെച്ചല്ലെന്നും ഉന്നയിച്ചാണ് അനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാസംഘവും കോടതിയെ സമീപിച്ചത്.കോഴിക്കടകളിൽ കോഴികളെ കൊല്ലുന്നത് നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.എന്നാൽ, കോഴിയെ മൃഗമായി പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തെ തുടർന്നാണ് അനിശ്ചിതാവസ്ഥയുണ്ടായത്.
അതേസമയം മൃഗങ്ങളെ കശാപ്പുശാലകളില്‍ വച്ച് മാത്രമേ കൊല്ലാവൂ എന്ന് ഗുജറാത്ത് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് ചൂണ്ടിക്കാട്ടി സൂറത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അടച്ചിരുന്നു.ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.