By Priya.30 11 2022
ഹൈദരാബാദ്: വിവാഹ വേദിയില്‍ പപ്പടം വിളമ്പാത്തതിനും വിവാഹം ക്ഷണിക്കാത്തതിന്റേയും പേരില്‍ അടിപിടി കൂടുന്ന പല സംഭവങ്ങളും നാം കാണാറുണ്ട്. തര്‍ക്കം കാരണം വിവാഹം പോലും മുടങ്ങിയ വാര്‍ത്തയാണ് ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നും വരുന്നത്.
കല്യാണ വീട്ടില്‍ വരന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ കറി വിളമ്പിയില്ലെന്ന് പറഞ്ഞാണ് കല്യാണം മുടങ്ങിയത്.ഹൈദരാബാദിലെ ഷാപൂര്‍ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ജഗദ്ഗിരിഗുട്ട റിങ് ബസ്തിയില്‍ സ്വദേശിയായ യുവാവിന്റേയും കുത്ബുല്ലാപൂരില്‍ നിന്നുള്ള യുവതിയുടേയും വിവാഹമാണ് തീരുമാനിച്ചിരുന്നത്.ഷാപൂര്‍ നഗറിലെ ഒരു ഓഡിറ്റോറിയത്തില്‍ നിന്നാണ് അത്താഴ സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചത്.
ബിഹാറില്‍ നിന്നുള്ള മാര്‍വാഡി കുടുംബത്തില്‍ നിന്നുള്ളവരാണ് വധൂവരന്മാര്.അതിനാല്‍ അവര്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് തയാറാക്കിയിരുന്നത്. വിരുന്നിന്റെ അവസാനം വരന്റെ കൂട്ടുകാര്‍ ഊണ് കഴിക്കാന്‍ എത്തി.
അവര്‍ കോഴിയിറച്ചി വയ്ക്കാത്തതിനെ ചൊല്ലി വഴക്കിട്ട് ഭക്ഷണം കഴിക്കാതെ പോയി. ഇക്കാര്യത്തെ ചൊല്ലി വധുവിന്റെയും വരന്റെയും കൂട്ടര് തമ്മില്‍ വഴക്കായി.ഈ സംഭവത്തിന് പിന്നാലെ വിവാഹം മുടങ്ങുകയായിരുന്നു.
തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ ജെഡിമെട്ട്ല സിഐ പവനനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. രണ്ട് വീട്ടുകാരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നടത്തി.
ഇതിന് പിന്നാലെ ഈ മാസം 30ന് വധൂവരന്മാരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുടങ്ങിപ്പോകുമെന്ന് കരുതിയ വിവാഹം വീണ്ടും നടക്കുമെന്നതിന്റെ സന്തോഷത്തിലാണ് വധുവും വരനും.