കേരളത്തെ ശ്വാസംമുട്ടിച്ച് വികസനം തടയാമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം: മുഖ്യമന്ത്രി

By web desk.30 05 2023

imran-azhar

 


തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് സംസ്ഥാന വികസനം തടയാമെന്ന് വിചാരിക്കുന്നത് വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കടക്കെണിയിലാണെന്ന വ്യാപക പ്രചരണം നടത്തുന്നു. കേരളത്തിന്റെ കടമെടുപ്പ് ജി.ഡി.പി യുടെ 36 ശതമാനമാണെന്നിരിക്കെ കേന്ദ്രസര്‍ക്കാര്‍ ജി.ഡി.പി യുടെ 58 ശതമാനമാണ് വായ്പയെടുത്തിരിക്കുന്നത്. കേരളം നേടിയ നേട്ടങ്ങള്‍ക്ക് പ്രോത്സാഹനമായി കൂടുതല്‍ സഹായം നല്‍കുന്നതിന് പകരം നേട്ടം കൈവരിച്ചത് വലിയ അപരാധമായി കണ്ട് സഹായം വെട്ടിക്കുറക്കുകയാണ്. കേരള എന്‍.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേരളം സമാനതകളില്ലാത്ത ദുരന്തങ്ങളെ നേരിട്ടപ്പോള്‍ അര്‍ഹമായ സഹായം നല്‍കിയില്ലെന്ന് മാത്രമല്ല, ലഭിച്ചേക്കാവുന്ന സഹായങ്ങളെ തടയുകയാണ് ചെയ്തത്. ജനങ്ങളെ അണിനിരത്തി കേരളം ആ ദുരന്തങ്ങളെ അതിജീവിക്കുകയും, ഇനി ഒരു ദുരന്തം ഉണ്ടാകാത്ത തരത്തിലുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുകയും ചെയ്തത്. നാടിന്റെ ഐക്യവും ജനങ്ങളുടെ ഒരുമയുമാണ് കേരളത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടായി കേരളം നിലനില്‍ക്കുന്നു. വര്‍ഗീയതയുടെ ആശയങ്ങള്‍ പേറുന്നവര്‍ നമ്മുടെ നാട്ടിലും ഉണ്ടെങ്കിലും മതനിരപേക്ഷത മുറുകെപിടിക്കുന്ന ഒരു സമൂഹം ഇവിടെ ഉള്ളത് കൊണ്ടാണ് കേരളം കലാപഭൂമി ആകാത്തത്. സിവില്‍ സര്‍വ്വീസ് അഴിമതി മുക്തമാവുക എന്ന നിലപാട് എക്കാലത്തും ഉയര്‍ത്തിപിടിച്ചിട്ടുള്ള സംഘടനയാണ് എന്‍.ജി.ഒ യൂണിയന്‍. നാടിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ എന്‍.ജി.ഒ യൂണിയന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, കടന്നപള്ളി രാമചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ അജിത് കുമാര്‍ സ്വാഗതവും യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

 

 

 

 

 

OTHER SECTIONS