തിരിച്ചടി നേരിടേണ്ടിവരും; ബലൂണ്‍ വെടിവെച്ചുവീഴ്ത്തിയ സംഭവത്തിൽ യു.എസിന് ചൈനയുടെ മുന്നറിയിപ്പ്

By Lekshmi.05 02 2023

imran-azhar

 

 

 

ബീജിങ്: ബലൂണ്‍ വെടിവെച്ചുവീഴ്ത്തിയ സംഭവത്തിൽ "അനിവാര്യമായ പ്രതികരണം" നേരിടേണ്ടി വരുമെന്ന് യുഎസിന് ചൈനയുടെ മുന്നറിയിപ്പ്.യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമനടപടിക്രമത്തിന്റെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി.

 

 

എന്നാൽ ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ യുഎസിന്റെ പ്രവൃത്തിയില്‍ കടുത്ത അസംതൃപ്തി ചൈന രേഖപ്പെടുത്തി.തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാവുന്ന രൂക്ഷപ്രതികരണം നേരിടാന്‍ ഒരുങ്ങിയിരിക്കാനും ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരിച്ചു.

 

 

സംശയാസ്പദമായ രീതിയില്‍ യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട ചാരബലൂണിനെ കുറിച്ച് ചൈന ആദ്യഘട്ടത്തില്‍ പ്രതികരണം നടത്തിയില്ലെങ്കിലും പിന്നീട് തങ്ങളുടേതാണെന്ന് സ്ഥിരീകരിക്കുകയും കാലാവസ്ഥാ നിരീക്ഷണത്തിനുവേണ്ടിയുള്ള ബലൂണ്‍ ദിശതെറ്റി യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതാവാമെന്ന് ചൈന പ്രതികരിക്കുകയും ചെയ്തു.

 

 

അതേസമയം യുഎസിലെ തന്ത്രപ്രധാന മേഖലകളിലൂടെയുള്ള ചാരബലൂണിന്റെ സഞ്ചാരം അമേരിക്കന്‍ പ്രതിരോധ വകുപ്പിലും സാധാരണജനങ്ങളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.ബലൂണിനെ വെടിവെച്ചിടുന്ന കാര്യം ആദ്യം പരിഗണിച്ചെങ്കിലും ജനങ്ങളുടെ സുരക്ഷയെക്കരുതി ആ നീക്കം ഉപേക്ഷിച്ച ബൈഡന്‍ ഭരണകൂടത്തിനെതിരെ അമേരിക്കന്‍ ജനത പ്രതിഷേധിക്കുകയും ചെയ്തു.