By web desk.26 05 2023
തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ ലൈംഗികമായി ഉപഗ്രവിച്ച സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.
പോക്‌സോ കേസിലെ പ്രതിയെ ലൈഗിംകമായി ഉപദ്രവിച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജയസനില്‍. നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍കാന്ത് നല്‍കിയ നോട്ടീസില്‍ പറയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അയിരൂര്‍ സിഐ ആയിരിക്കെ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി.
നേരത്തെ റിസോര്‍ട്ട് ഉടമയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പീഡന പരാതിയും പുറത്തുവന്നത്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് സിഐ ജയസനിലിനെതിരെ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തി.
സഹോദരനൊപ്പം സ്റ്റേഷനില്‍ കാണാനെത്തിയ പ്രതിയോട് ചില താത്പര്യങ്ങള്‍ പരിഗണിക്കാനും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും ജയസനില്‍ പറഞ്ഞു. പിന്നീട് പ്രതിയെ സിഐ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാന്‍ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.