നാലുവര്‍ഷ ബിരുദം ഇക്കൊല്ലം തന്നെ തുടങ്ങണം; വിസിമാരോട് മുഖ്യമന്ത്രി

By Greeshma Rakesh.06 06 2023

imran-azhar

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ നിര്‍ദേശിച്ചു. സാധ്യമാകുന്ന സര്‍വകലാശാലകളില്‍ നാലു വര്‍ഷ ബിരുദം ഈ അക്കാദമിക് വര്‍ഷം തന്നെ ആരംഭിക്കണം. മാത്രമല്ല 2024 -25 അധ്യയന വര്‍ഷം എല്ലാ സര്‍വകലാശാലകളിലും ഇത് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ഡോ.ശ്യാം ബി.മേനോന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനാണ് മുഖ്യമന്ത്രി വിസിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഇക്കാര്യത്തില്‍ മന്ത്രി ആര്‍.ബിന്ദു വിസിമാരുടെ യോഗം വിളിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

 

ആഗോള മാറ്റങ്ങള്‍ക്കനുസരിച്ച് സര്‍വകലാശാലകള്‍ മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ സാധ്യത പ്രതീക്ഷിച്ചാണ് കുട്ടികള്‍ വിദേശത്തേക്ക് കുടിയേറുന്നത്. ഇവിടെ തൊഴിലില്ലായ്മ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞു എന്നത് ആശാവഹമാണ്. നമ്മുടെ കുട്ടികള്‍ കേരളത്തിനു പുറത്തേക്ക് പോകുന്നതുപോലെ പുറത്തുനിന്ന് കുട്ടികള്‍ ഇങ്ങോട്ടും വരുന്ന സ്ഥിതി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 


മന്ത്രി ആര്‍.ബിന്ദു, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

OTHER SECTIONS