ജനനനിരക്ക് കൂട്ടണം; ചൈനയില്‍ പ്രണയിക്കാന്‍ പരിശീലനം, അവസരം!

By Web Desk.02 04 2023

imran-azhar

 

 

ജനസംഖ്യ കുറയ്ക്കലായിരുന്നു ചൈനയുടെ ലക്ഷ്യം. വര്‍ദ്ധിക്കുന്ന ജനസംഖ്യ രാജ്യത്തെ വിഴുങ്ങും എന്ന അവസ്ഥ എത്തിയപ്പോഴാണ് ചൈന ജനസംഖ്യാ നിയന്ത്രണം കര്‍ശനമാക്കിയത്. എന്നാല്‍, ഇപ്പോള്‍ ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍!

 

ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈനീസ് സര്‍ക്കാര്‍ മുന്നോട്ടുവച്ച് 20 തിലധികം ശുപാര്‍ശകളാണ്! ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ വേഗത കുറയ്ക്കാനാണ് വിദഗ്ധര്‍ നിര്‍ദേശിച്ചത്.

 

ഒറ്റക്കുട്ടി നയം നടപ്പാക്കിയതാണ് ചൈനയിലെ ജനസംഖ്യയില്‍ വലിയ വ്യത്യാസം ഉണ്ടാകാന്‍ കാരണം. 1980നും 2015നും ഇടയില്‍ നടപ്പാക്കിയ ഈ നയം പിന്നീട് പിന്‍വലിച്ചു. 2021ല്‍ മൂന്ന കുട്ടികള്‍ എന്ന നിലയിലേക്ക് ഉയര്‍ത്തി. എന്നാല്‍, കുട്ടികളേ വേണ്ടെന്ന ചിന്തയിലാണ് ചൈനയിലെ ദമ്പതികള്‍. പ്രത്യേകിച്ച് കോവിഡിനു ശേഷം.

 

കുട്ടികളെ നോക്കുന്നതിനുള്ള ചിലവും വിദ്യാഭ്യാസ ചിലവുകളും വരുമാനം കുറഞ്ഞതുമെല്ലാമാണ് ഇതിന് കുട്ടികള്‍ വേണ്ടെന്നു വയ്ക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. ഇതെല്ലാം സര്‍ക്കാരിന് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

 

ജനന നിരക്ക് കൂട്ടാന്‍ കോളജുകളിലടക്കം നിരവധി പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ പ്രണയം വളര്‍ത്താനുള്ള ശ്രമത്തിലാണ് കോളജുകള്‍! ഇതിനായി ഒരാഴ്ച്ചയോളം കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയിലെ ഒന്‍പത് കോളജുകളിലാണ് ഏപ്രിലില്‍ അവധി നല്‍കുന്നത്.

 

ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഏഴ് വരെ നീണ്ടുനില്‍ക്കുന്ന ഒരാഴ്ച്ചത്തെ അവധി ദിനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെ സ്‌നേഹിക്കാനും ജീവിതത്തെ സ്‌നേഹിക്കാനും സ്‌നേഹം ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ളതാണ്.

 

ഡയറി എഴുതാനും വ്യക്തിപരമായ വികാസത്തിനായി ചെയ്ത കാര്യങ്ങളെക്കുറിച്ച് റെക്കോര്‍ഡ് സൂക്ഷിക്കാനും യാത്രകളുടെ വിഡിയോ നിര്‍മ്മിക്കാനുമൊക്കെയാണ് ഈ സമയത്ത് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന ഹോംവര്‍ക്ക്.

 

ജീവിതത്തെ കൂടുതല്‍ കാല്‍പ്പനികമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ പ്രണയവും ലൈംഗികതയുമെല്ലാം സ്വാഭാവികമായി നിറയുമെന്ന് അധികൃതര്‍ കരുതുന്നു.