By priya.25 09 2022
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ രാജസ്ഥാനിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇന്ന് അറിയാം. ജയ്പുരില്‍ അശോക് ഗെലോട്ടിന്റെ വസതിയില്‍ ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.
നിരീക്ഷകനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യുവ നേതാവ് സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുമ്പോള്‍ സ്പീക്കര്‍ സി.പി.ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ഗെലോട്ട് ശ്രമിക്കുന്നത്.
അശോക് ഗെലോട്ട് ഉടന്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികയുടെ ഫോം വാങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഇന്നലെ ആരംഭിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമര്‍പ്പിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ക്യാമ്പ് ആവശ്യപ്പെടുന്നത്.
ഇതിനിടെയാണ് ഇന്ന് വൈകുന്നേരം 7 മണിക്ക് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നത്.2018ല്‍ ഭരണം പിടിക്കാന്‍ മുന്നില്‍ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടുള്ളത്. സ്പീക്കര്‍ സി.പി.ജോഷിയുമായും എംഎല്‍എമാരുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
എന്നാല്‍, നേരത്തേ സച്ചിന്‍ ക്യാമ്പിലായിരുന്ന സി.പി.ജോഷിയെ മുന്നില്‍ നിര്‍ത്തിയാണ് അശോക് ഗെലോട്ട് നീക്കങ്ങള്‍ നടത്തുന്നത്. ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണക്കുന്നയാളെ മുഖ്യമന്ത്രിയാക്കുക എന്ന നയത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഗെലോട്ട് ആവശ്യപ്പെടും. എംഎല്‍എ ശാന്തി ധരിവാള്‍, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് ദോതസര എന്നീ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.