'വിധിയില്‍ സന്തോഷമുണ്ട്,എന്റെ ഊഴവും ഭാവിയും പാര്‍ട്ടി തീരുമാനിക്കും': കോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് സജി ചെറിയാന്‍

By Priya.09 12 2022

imran-azhar

 

 

തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് മുന്‍മന്ത്രി സജി ചെറിയാന്‍.വിധിയില്‍ സന്തോഷമുണ്ടെന്നും തന്റെ ഊഴവും ഭാവിയും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 

 

പ്രസംഗത്തിലൂടെ ഭരണഘടനയെ അപമാനിച്ചെന്നാരോപിച്ചാണ് സജി ചെറിയാന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സജി ചെറിയാന്‍ വൈകാതെ തന്നെ സംസ്ഥാന മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.


അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മനഃപൂര്‍വം പ്രസംഗിച്ചിട്ടില്ലെന്നു വ്യക്തമാക്കി പൊലീസ് കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം സജിയുടെ തിരിച്ചുവരവ് പരിഗണിക്കുന്നത്.

 

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇതില്‍ തീരുമാനമെടുക്കും.തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ സാധ്യതയില്ലെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു. കേസെടുത്തതുകൊണ്ടല്ല, ധാര്‍മികതയുടെ പേരിലായിരുന്നു രാജിയെന്ന് സജിക്കായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.

 

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തില്‍ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി നടത്തിയെന്നു പാര്‍ട്ടികൂടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.

 

 

 

OTHER SECTIONS