By Greeshma Rakesh.30 03 2023
ഒമ്പതാം വയസ്സ് മുതലാണ് കോറല്‍ സാഞ്ചസ് എന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആദ്യമായി താടിരോമങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് മുതല്‍ അവള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ അത് ഷേവ് ചെയ്ത് നീക്കണമായിരുന്നു. അതിന്റെ പേരില്‍ അവള്‍ അനുഭവിച്ച പ്രയാസം ഒട്ടും ചെറുതല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല, വാഷിംഗ്ടണിലെ 29 -കാരിയായ കോറല്‍ തന്റെ താടിരോമങ്ങള്‍ ഷേവ് ചെയ്യാറില്ല.
ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുമോ എന്ന ഭയം കൊണ്ട് അവള്‍ക്ക് തന്റെ താടിരോമങ്ങള്‍ ഷേവ് ചെയ്ത് നീക്കേണ്ടി വന്നു. ഹിര്‍സുറ്റിസം എന്ന അവസ്ഥയെ തുടര്‍ന്നായിരുന്നു കോറലിന്റെ മുഖത്ത് താടിരോമങ്ങള്‍ വളര്‍ന്നിരുന്നത്. അത് നീക്കം ചെയ്യാതെ പോയാല്‍ തന്നെ മറ്റുള്ളവര്‍ പരിഹസിക്കുമോ, അവഗണിക്കുമോ, ഒറ്റപ്പെടുത്തുമോ എന്നൊക്കെ ഉള്ള ചിന്തയും ഭയവും അവളില്‍ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവള്‍ ആരുമായും അധികം അടുത്തില്ല. മറ്റുള്ളവരില്‍ നിന്നും തനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്നതും അവള്‍ മറച്ചുവച്ചു. എന്തിന് നാല് വര്‍ഷത്തോളം പ്രേമിച്ച പഴയ കാമുകനില്‍ നിന്നു പോലും അവള്‍ അത് മറച്ചുവച്ചു. എന്നാല്‍, 26 -ാമത്തെ വയസില്‍ അവള്‍ക്ക് താമസിക്കാന്‍ ഒരിടമില്ലാത്ത അവസ്ഥ വന്നു. താമസം കാറിനകത്തായി. ആ സമയത്ത് ഷേവ് ചെയ്യുക എന്നത് വളരെ പ്രയാസകരമായിരുന്നു. അപ്പോഴാണ് എന്തിനാണ് ഇങ്ങനെ ദിവസവും ഷേവ് ചെയ്യുന്നത്, താടിരോമം വളര്‍ത്തിയാല്‍ എന്താണ് കുഴപ്പം എന്ന ചിന്ത അവളില്‍ ഉണ്ടാകുന്നത്. അങ്ങനെ അവള്‍ ഷേവ് ചെയ്യുന്നത് അവസാനിപ്പിച്ചു.
നാല് വര്‍ഷമായി ഇല്ല്യാസ് ക്ലാര്‍ക്ക് എന്ന 25 -കാരനുമായി അവള്‍ പ്രണയത്തിലാണ്. 'നിനക്ക് താടിരോമം ഉള്ളതൊന്നും എന്നെ ബാധിക്കില്ല. നീ എപ്പോഴും സുന്ദരിയാണ്. നീ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കുക' എന്നായിരുന്നു ഇല്ല്യാസിന് കോറലിനോട് പറയാനുണ്ടായിരുന്നത്. ഇപ്പോള്‍ തന്റെ താടിയിലും ലുക്കിലും ഹാപ്പിയാണ് കോറല്‍.