By Greeshma Rakesh.02 04 2023
കഞ്ഞിക്കുഴി: പുന്നയാറില്‍ മക്കള്‍ക്ക് കീടനാശിനി നല്‍കി ദമ്പതിമാര്‍ ആത്മഹത്യചെയ്ത സംഭവത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയെന്ന ആരോപണവുമായി കുടുംബം. വെള്ളിയാഴ്ച ഉച്ചയോടെയാണ് കഞ്ഞിക്കുഴി പുന്നയാര്‍ ചൂടന്‍സിറ്റി കാരാടിയില്‍ ബിജുവും (46), ഭാര്യ ടിന്റുവും (40) കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. അതെസമയം വിഷം ഉള്ളില്‍ച്ചെന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന ഇവരുടെ മൂന്നു കുട്ടികള്‍ അപകടനില തരണംചെയ്തു.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവര്‍. കൃഷിക്കാരനായിരുന്ന ബിജുവും ഭാര്യ ടിന്റുവും ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കഞ്ഞിക്കുഴിയില്‍ ചെറുകിട ഹോട്ടല്‍ ആരംഭിച്ചത്. ടിന്റു ജോലി ചെയ്തുകൊണ്ടിരുന്ന ഹോട്ടലിന്റെ ഉടമ അത് നിര്‍ത്തിയപ്പോള്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഈ വകയില്‍, മുമ്പ് ഹോട്ടല്‍ നടത്തിയിരുന്ന ആള്‍ക്ക് പണം കൊടുക്കാന്‍ ഉണ്ടായിരുന്നു.
പണം കിട്ടാതായതോടെ ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയി. തുടര്‍ന്ന് മേശയും കസേരകളും മറ്റും ദിവസവാടകയ്ക്ക് എടുത്താണ് ഹോട്ടല്‍ നടത്തിവന്നത്.വാടക കൊടുക്കാന്‍ നിവൃത്തി ഇല്ലാതായതോടെ അവയും തിരികെ കൊണ്ടുപോയി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി.
എന്നാല്‍ ബ്ലേഡ് പലിശയ്ക്ക് പണം കടം നല്‍കിയ ചിലര്‍ ബിജുവിനെയും ടിന്റുവിനെയും ഭീഷണിപ്പെടുത്തി. ബിജുവിന്റെ അമ്മ ഏലിക്കുട്ടിയുടെ പേരിലുള്ള 87 സെന്റ് സ്ഥലത്തിന്റെ പട്ടയം പണയപ്പെടുത്തി പണം കടം വാങ്ങാനും ഇവര്‍ ശ്രമിച്ചിരുന്നു. പട്ടയം പണയപ്പെടുത്തി ബിജു, ബ്ലേഡ് പലിശക്കാരോട് പണം വാങ്ങിയെന്ന് സംശയമുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. നിലവില്‍ പട്ടയം എവിടെയാണെന്ന് അറിയില്ലെന്ന് ബിജുവിന്റെ സഹോദരി ബിജി പറഞ്ഞു.
കഞ്ഞിക്കുഴി കേന്ദ്രമായുള്ള ബ്ലേഡ് പലിശക്കാര്‍, ഇവരുടെ ഹോട്ടലില്‍ പതിവായി എത്തിയിരുന്നു. അവരാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തന്റെ പേരക്കുട്ടികള്‍ക്കെങ്കിലും നീതി കിട്ടണമെന്ന് ബിജുവിന്റെ അമ്മ ഏലിക്കുട്ടി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)