By Priya.26 11 2022
ബെയിജിങ്: ചൈനയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.ഇതേ തുടര്‍ന്ന് പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍, കൂട്ട പരിശോധന, യാത്രാനിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി.
നവംബര്‍ 25 ന് രാജ്യത്ത് 35,183 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ 3474 പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. എന്നാല്‍ 31,709 രോഗികള്‍ യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല.
നവംബര്‍ 24 ന് 32,943 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 3,103 പേരില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.പ്രധാനമായും ഷാംങ്ഹായ്, ഗ്വാങ്ഷൗ, ചോങ്കിംഗ്, ചെങ്ഡു, സിയാന്, ഷിനാന്, ലാന്‍സൗ എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത്.
ഷിജിയാസുവാങ്ങില് കേസുകള്‍ നാലിരട്ടിയായി വര്‍ധിച്ചു. ആദ്യമായി കൊവിഡ്-19 സ്ഥിരീകരിച്ചത് മുതല്‍ മൂന്ന് വര്‍ഷത്തോളമായി രാജ്യത്ത് സീറോ കോവിഡ് പോളിസി നടപ്പിലാക്കി വരികയാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കൂടുതല്‍ ലക്ഷ്യബോധത്തോടേയും ശാസ്ത്രീയമായും നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി.സീറോ കൊവിഡ് പോളിസി രാജ്യത്ത് കൊവിഡ് മരണം കുറക്കുന്നതിന് സഹായിച്ചെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ അഭിപ്രായം.
രാജ്യത്ത് 80 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍ 66% പേര് മാത്രമാണ് ഇതിനകം വാക്സിനേഷന് എടുത്തിട്ടുള്ളത്, അവരില്‍ 40% പേര് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ട്.