By Lekshmi.30 03 2023
വാഷിങ്ടണ്‍: കൊവിഡ് മഹാമാരി പൂര്‍ണമായും ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല.നാല് വര്‍ഷത്തോളമായി കൊവിഡ് വിതച്ച നാശത്തിനൊപ്പം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ് സമൂഹം.
സമൂഹത്തില്‍ മുഴുവന്‍ നാശം വിതച്ച കൊവിഡ് പൂര്‍ണമായി ഒരിക്കലും തുടച്ചുനീക്കാന്‍ സാധിക്കില്ല.
മാത്രമല്ല ഇതിന്‍റെ ഫലങ്ങള്‍ വരും തലമുറകളിലേക്ക് കൂടി കൈമാറ്റം ചെയ്യപ്പെടുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.ഗര്‍ഭിണികളിലെ കൊവിഡ് 19 സാന്നിധ്യം ജനിക്കുന്ന കുട്ടികളില്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അമിതവണ്ണം ഉണ്ടാക്കും
ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനം.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജനിക്കുന്ന കുട്ടികളില്‍ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.
അമിത വണ്ണത്തിന് പുറമെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കുള്ള സാധ്യതയും വര്‍ധിക്കും.2019 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 100 ദശലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗര്‍ഭാവസ്ഥയില്‍ അമ്മമാരിലുണ്ടാകുന്ന കൊവിഡ് വൈറസ് സാന്നിധ്യം കുട്ടികളില്‍ പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്ക് കാരണമായേക്കാമെന്ന് ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്‌പിറ്റല്‍ എംഡി ലിൻഡ്സെ ടി ഫോർമാൻ പറഞ്ഞു.
ഗർഭിണികളായ സ്ത്രീകളിലെയും അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിലെയും കൊവിഡ് 19 പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ഇനിയും ധാരാളം ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ലിൻഡ്സെ ടി ഫോർമാൻ പറയുന്നു.