By priya.06 06 2023
കീവ്: ദക്ഷിണ യുക്രൈനിലെ റഷ്യയുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ അണക്കെട്ട് തകര്‍ന്നു. റഷ്യയാണ് അണക്കെട്ട് തകര്‍ത്തതെന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്.
എന്നാല്‍ അണക്കെട്ടു തകര്‍ത്തതിന്റെ ഉത്തരവാദിത്തം യുക്രൈന് ആണെന്ന് റഷ്യയും ആരോപിക്കുന്നുണ്ട്.തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
1956ലാണ് നിപ്രോ നദിക്കു കുറുകെ 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിര്‍മിച്ചത്. ഇവിടെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഡാം തകര്‍ന്നതോടെ യുദ്ധഭൂമിയിലേക്ക് ജലം ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.ഈ അണക്കെട്ടില്‍ നിന്നാണ് ക്രീമിയയിലെ വിവിധയിടങ്ങളിലേക്ക് ജലവിതരണം ചെയ്യുന്നത്.
2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തകര്‍ത്തത് റഷ്യന്‍ സൈന്യമാണെന്ന് യുക്രൈന്‍ സൈന്യം ആരോപിച്ചു.
'റഷ്യന്‍ സൈന്യം കഖോവ്ക ഡാം തകര്‍ത്തു' എന്നാണ് യുക്രൈന്‍ സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം ആരോപണം റഷ്യ തള്ളി. സ്‌ഫോടനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോള്‍ ഇതൊരു ഭീകരാക്രമണമാണെന്നും പിന്നില്‍ യുക്രെയ്നാണെന്നുമാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.