ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് വി മുരളീധരൻ

By sisira.14 05 2021

imran-azhar

 

 


ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിക്കും.

 

വിമാനത്താവളത്തില്‍ നേരിട്ടെത്തി മൃതദേഹം ഏറ്റുവാങ്ങുമെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് മൃതദേഹം എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും.

 

നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.


ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിച്ചത്.

 

ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രയേലിലെ അഷ്‌കലോണ്‍ എന്ന പ്രദേശത്തെ ഒരു വീട്ടിലായിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്.

 

ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് വീടിന് മുകളില്‍ റോക്കറ്റ് പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും.

 

സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റുളളവര്‍ക്ക് പരിക്കുണ്ട്.

OTHER SECTIONS